വാങ്കഡെയില്‍ വിശ്വരൂപം പുറത്തെടുത്ത് ഇന്ത്യ: രാഹുലിനും രോഹിതിനും കോഹ്ലിക്കും അര്‍ധ സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

വാങ്കഡെയില്‍ വിശ്വരൂപം പുറത്തെടുത്ത് ഇന്ത്യ: രാഹുലിനും രോഹിതിനും കോഹ്ലിക്കും അര്‍ധ സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈയിൽ നടക്കുന്ന മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ ഓപണർമാർ രണ്ടുംകൽപ്പിച്ചാണ് തുടങ്ങിയത്. തുടക്കം മുതലെ ബൗണ്ടറികളാൽ മുഖരിതമായിരുന്നു വാങ്കഡെ സ്റ്റേഡിയം. നിശ്ചിത 20 ഓവറിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും രോഹിത് ശർമയും വിരാട് കോഹ്ലിയും അർധ സെഞ്ച്വറി സ്വന്തമാക്കി. രാഹുലിന് 9 റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടപ്പെട്ടത്.

എട്ടോവർ പിന്നിട്ടപ്പോഴേക്കും ഇന്ത്യ 100 റൺസ് പിന്നിട്ടിരുന്നു. പതിനെട്ടാം ഓവറിൽ സ്‌കോർ 200ഉം കടന്നു. സ്‌കോർ 135 ൽ നിൽക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. 34 പന്തിൽ അഞ്ച് പടുകൂറ്റൻ സിക്‌സും 6 ഫോറും സഹിതം 71 റൺസാണ് രോഹിത് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ എത്തിയ റിഷഭ് പന്ത് രണ്ട് പന്ത് നേരിട്ടെങ്കിലും റൺസ് ഒന്നുമെടുക്കാതെ മടങ്ങി. പിന്നാലെ കോഹ്ലിയുടെ ഊഴമായിരുന്നു.

പതിവിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതലെ ആക്രമിച്ച് കളിക്കുന്ന കോഹ്ലിയെയാണ് ഇന്ന് കാണാനായത്. വെറും 21 പന്തിൽ അദ്ദേഹം അർധ സെഞ്ച്വറി പിന്നിട്ടു. ഇതിനിടയിൽ അഞ്ച് സിക്‌സും 3 ഫോറും കോഹ്ലി കണ്ടെത്തിയിരുന്നു. വെറും 29 പന്തിൽ ഏഴ് സിക്‌സും നാല് ഫോറും സഹിതം 70 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു.

മറുവശത്ത് കെ എൽ രാഹുൽ 56 പന്തിൽ നാല് സിക്‌സും ഒമ്പത് ഫോറും സഹിതം 91 റൺസെടുത്ത് പുറത്തായി. അവസാന ഓവറിലെ നാലാം പന്തിലാണ് രാഹുൽ പുറത്തായത്. സെഞ്ച്വറി കണ്ടെത്താനുള്ള കൂറ്റനടിക്ക് ശ്രമിച്ച രാഹുൽ കീപ്പറിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

Share this story