ദശാബ്ദത്തിന്റെ താരമായി വിരാട് കോഹ്ലി; വിസ്ഡന്റെ അംഗീകാരം വീണ്ടും

ദശാബ്ദത്തിന്റെ താരമായി വിരാട് കോഹ്ലി; വിസ്ഡന്റെ അംഗീകാരം വീണ്ടും

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ മാഗസിനാണ് താരങ്ങളെ പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, എ ബി ഡിവില്ലിയേഴ്‌സ്, ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, വനിതാ താരം എലിസെ പെറി എന്നിവരാണ് കോഹ്ലിയെ കൂടാതെ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ടെസ്റ്റിൽ 27 സെഞ്ച്വറി സഹിതം 7202 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 11,125 റൺസും ടി20യിൽ 2633 റൺസും സ്വന്തമാക്കി. എല്ലാ ഫോർമാറ്റിലും 50ന് മുകളിൽ ശരാശരിയും കോഹ്ലിക്കുണ്ട്. 70 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോഹ്ലിക്കുള്ളത്. 100 സെഞ്ച്വറികളുള്ള സച്ചിൻ തെൻഡുൽക്കർക്കും 71 സെഞ്ച്വറിയുള്ള റിക്കി പോണ്ടിംഗിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇക്കാര്യത്തിൽ കോഹ്ലി

2014ലെ ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാനവും ബംഗ്ലാദേശിനെതിരെ നവംബറിൽ കൊൽക്കത്തിയൽ നടന്ന രണ്ടാം ടെസ്റ്റിനും ഇടയിലാണ് 21 സെഞ്ച്വറികളാണ് കോഹ്ലി നേടിയിട്ടുള്ളത്. 13 അർധ സെഞ്ച്വറികളും ഈക്കാലത്ത് കോഹ്ലിക്കുമ്ട്.

നേരത്തെ വിസ്ഡൻ പ്രഖ്യാപിച്ച ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ നായകനായും കോഹ്ലിയെ തെരഞ്ഞെടുത്തിരുന്നു. ഇംഗ്ലണ്ടിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്ന് വീതം താരങ്ങളും ഓസ്‌ട്രേലിയയിൽ നിന്ന് രണ്ട് താരങ്ങളും ടീമിലുൾപ്പെട്ടിരുന്നു

Share this story