ആവേശത്തോടെ എണ്ണാം; ഖത്തർ ഫിഫ ലോകകപ്പിന് 1000 ദിനം

ആവേശത്തോടെ എണ്ണാം; ഖത്തർ ഫിഫ ലോകകപ്പിന് 1000 ദിനം

ദോഹ: ഫുട്‌ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന 2022 ഖത്തർ ഫിഫ ലോകകപ്പിന് 1,000 ദിനങ്ങൾ കൂടി. കൗണ്ട് ഡൗൺ നാളെ തുടങ്ങും. ഫെബ്രുവരി 25 ചൊവ്വാഴ്ച അർധരാത്രി (മക്ക സമയം) മുതൽ ബുധനാഴ്ച അർധരാത്രി വരെ നീളുന്ന ഒരു ദിവസം എന്നത് ലോകകപ്പിലേക്കുള്ള 1,000 ദിനങ്ങളുടെ കൗണ്ട് ഡൗണിന്റെ തുടക്കമാണ്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഫിഫ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാൻ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പര്യാപ്തമായ തരത്തിലാണ് സൗകര്യങ്ങൾ ഉറപ്പാക്കുന്നത്.

8 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഖത്തറിന്റെയും അറബ് ലോകത്തിന്റെയും സംസ്‌കാരവും ആതിഥേയ പാരമ്പര്യവും ജീവിതശൈലിയും കോർത്തിണക്കിയുള്ള അപൂർവ ഡിസൈനുകളിലാണ് ഓരോ സ്‌റ്റേഡിയങ്ങളും നിർമിച്ചത്. നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ് എന്നിവ കഴിഞ്ഞ 2 വർഷങ്ങൾക്കിടെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചിരുന്നു. അൽഖോറിലെ അൽ ബയാത്, അൽ റയ്യാനിലെ എജ്യൂക്കേഷൻ സിറ്റി എന്നിവ ഈ വർഷം ഉദ്ഘാടനം ചെയ്യും. അൽ തുമാമ, അൽ റയ്യാൻ, റാസ് ബു അബൗദ്, ലുസെയ്ൽ സിറ്റി എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. സുസ്ഥിര പരിസ്ഥിതി ഉറപ്പാക്കിയുള്ള നിർമാണങ്ങളിലൂടെ പ്രഥമ കാർബൺ രഹിത ഫിഫ ലോകകപ്പാണ് ഖത്തർ ഒരുക്കുന്നത്.

ലോകകപ്പിന് മികച്ച സുരക്ഷയും സൗകര്യങ്ങളും അതിവേഗപാതയിൽ പുരോഗമിക്കുകയാണ്. ജനങ്ങളെ 2022 ലോകകപ്പിലെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്തരാക്കാനുള്ള ശിൽപശാലകളും വൊളന്റിയർമാർക്കുള്ള പരിശീലനങ്ങളുമെല്ലാം വിവിധ മന്ത്രാലയങ്ങളുടേയും സുപ്രീം കമ്മിറ്റിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കാണികൾക്ക് താമസിക്കാൻ ആഡംബര കപ്പലുകൾ, ഫ്ലോട്ടിങ് ഹോട്ടലുകൾ, അറേബ്യൻ കൂടാരങ്ങൾ തുടങ്ങി അതിശയിപ്പിക്കുന്ന താമസ സൗകര്യങ്ങൾ മാത്രമല്ല റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുമെല്ലാം അന്തിമ ഘട്ടത്തിലാണ്.

2022 ലോകകപ്പിലേക്ക് 1,000 ദിനങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങുന്നതിന്റെ ഭാഗമായി ഖത്തറിന്റെ സ്പോർട്സ് ചാനൽ ബിഇഎൻ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. മിന മേഖലയിൽ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശവും ബിഇഎന്നിനാണ്. ‘2022 ഫിഫ ലോകകപ്പ് ഖത്തറിലേക്ക് 1,000 ദിനങ്ങൾ’ എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച മുതൽ പ്രത്യേക സംപ്രേഷണങ്ങൾ തുടങ്ങും. ഫുട്‌ബോൾ ഇതിഹാസങ്ങളുടെ ചരിത്രം സൃഷ്ടിച്ച മത്സരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ സംപ്രേഷണം ചെയ്യും. ഫിഫ ലോകകപ്പ് ട്രോഫിയും ചാനൽ സ്റ്റുഡിയോയിൽ പ്രദർശിപ്പിക്കും. ചൊവ്വാഴ്ച ഈജിപ്ഷ്യൻ ഇതിഹാസം മുഹമ്മദ് അബുട്രിക, ഖത്തർ ഫുട്‌ബോൾ ഇതിഹാസം മുബാറക് മുസ്തഫ, സുപ്രീം കമ്മിറ്റി പ്രതിനിധികൾ, ബിഇഎൻ താരം മുഹമ്മദ് സാദൺ അൽഖുവാരി എന്നിവർ പങ്കെടുക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടാകും. ഫുട്‌ബോൾ ആരാധകർക്കായി ബിഇഎൻ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ മത്സരങ്ങളും ഉണ്ടാകും. ബിഇഎൻ സ്‌പോർട്‌സ്, എച്ച്ഡി ചാനലുകളിലാകും ഇവയുടെ സംപ്രേഷണം.

Share this story