ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇനി ഗ്രെയിം സ്മിത്തിന്റെ ഭരണം, ക്വുന്റൻ ഡി കോക്കിനെ ടെസ്റ്റ് നായകനാക്കില്ലെന്നത് ആദ്യ തീരുമാനം

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇനി ഗ്രെയിം സ്മിത്തിന്റെ ഭരണം, ക്വുന്റൻ ഡി കോക്കിനെ ടെസ്റ്റ് നായകനാക്കില്ലെന്നത് ആദ്യ തീരുമാനം

ദക്ഷിണാഫ്രിക്ക ക്രിക്കറ്റിനെ ഇനി ഗ്രെയിം സ്മിത്ത് ഭരിക്കും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷനായ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സി എസ് എ) ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് ഗ്രെയിം സ്മിത്തിനെ രണ്ട് വർഷത്തേക്ക് സ്ഥിരപ്പെടുത്തി. ഡിസംബർ മുതൽ താത്കാലികമായി സ്മിത്ത് ഈ സ്ഥാനം വഹിക്കുന്നുണ്ട്.

മുൻ ദേശീയ ടീം നായകനായ ഗ്രെയിം സ്മിത്തിന്റെ നിയമനം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് സി എസ് എ ചീഫ് എക്സിക്യൂട്ടീവ് ജാക്വുസ് ഫൗൾ അഭിപ്രായപ്പെട്ടു.
താത്കാലിക ചുമതല വഹിക്കുന്ന കാലത്ത് തന്നെ സ്മിത്ത് ശ്രദ്ധേയമായ തീരുമാനങ്ങളെടുത്തിരുന്നു.
ടെസ്റ്റ് ക്യാപ്റ്റനായിട്ട് ക്വുന്റൻ ഡി കോക്കിനെ പരിഗണിക്കില്ല. ഏകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന ഡി കോക്കിന് ടെസ്റ്റ് ക്യാപ്റ്റൻ പദവികൂടി താങ്ങാൻ സാധിക്കില്ല. ഓരോ ഫോർമാറ്റിനും പ്രത്യേകം ക്യാപ്റ്റൻമാരുണ്ടാകുന്നതാണ് നല്ലത്. സമ്മർദം കുറയും. അടുത്ത ടെസ്റ്റ് ക്യാപ്റ്റനായിട്ട് ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. നിരവധി പേരുണ്ട് കഴിവുള്ളവരായിട്ട് – ഗ്രെയിം സ്മിത്ത് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ മികച്ചടീമാക്കി മാറ്റാനുള്ള പ്രവർത്തനമുണ്ടാകും. പ്രതിഭാധനരായ നിരവധി കളിക്കാർ ഇവിടെയുണ്ട് – ഗ്രെയിം സ്മിത് പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ കൂടുതൽ കാലം നയിച്ചതിന്റെ റെക്കോർഡ് സ്മിത്തിന്റെ പേരിലാണ്. 2003 മതൽ 2014 വരെ 108 ടെസ്റ്റുകളിലാണ് ഗ്രെയിം സ്മിത്ത് ക്യാപ്റ്റനായത്. ആകെ കളിച്ചത് 117 ടെസ്റ്റുകളാണ്. ഏകദിനത്തിൽ 197ഉം ട്വന്റി20യിൽ 33ഉം മത്സരങ്ങൾ കളിച്ചു.

Share this story