ഐപിഎൽ ലേലത്തിൽ പങ്കെടുക്കും; എല്ലാത്തിനുമുള്ള മറുപടി ഐപിഎൽ വഴി നൽകും: ശ്രീശാന്ത്

ഐപിഎൽ ലേലത്തിൽ പങ്കെടുക്കും; എല്ലാത്തിനുമുള്ള മറുപടി ഐപിഎൽ വഴി നൽകും: ശ്രീശാന്ത്

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കുമെന്ന് ശ്രീശാന്ത്. വിലക്കിന്റെ കാലാവധി തീരുന്നതോടെ കളിക്കളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീശാന്ത്. തന്നെ പുറത്താക്കിയ ഐപിഎൽ വഴി തന്നെ എല്ലാവർക്കുമുള്ള മറുപടി നൽകുമെന്നും ശ്രീശാന്ത് പറഞ്ഞു

കേരളത്തിനായി മികച്ച പ്രകടനം കാഴ്ച വെച്ചാൽ ഐപിഎൽ ലേലത്തിൽ പങ്കെടുക്കും. എന്നെ താത്പര്യമുള്ള ടീമുകളുണ്ടായേക്കും. അവിടെ നിന്ന് എന്നെ ഒരിക്കൽ പുറത്താക്കിയതാണ്. അവിടേക്ക് തിരിച്ചെത്താനാകുമെന്നും എല്ലാ മറുപടിയും നൽകാനാകുമെന്നും എനിക്കുറപ്പുണ്ടെന്നും പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു

തിരിച്ചുവരവിൽ എന്റെ ആദ്യ മത്സരം കാണുമ്പോൾ ആളുകൾ എന്ത് പറയുമെന്നാണ് എന്റെ പേടി. എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഞാൻ കടന്നുപോയതെന്നും ആരൊക്കെയായിരുന്നു അതിന് പിന്നിലെന്നും ആളുകൾ തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്.

ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്നും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കായി പന്തെറിയണമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. പക്ഷേ താരത്തിന് നിലവിൽ 37 വയസ്സുണ്ട്. ഈ പ്രായത്തിൽ മൈതാനത്തേക്കുള്ള തിരിച്ചുവരവ് അസാധ്യമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ശ്രീശാന്തിനെ കേരളാ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കെ സി എ അറിയിച്ചിട്ടുണ്ട്.

Share this story