പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ പ്രതിസന്ധി; ജഴ്സി സ്പോൺസർ ചെയ്യാൻ ആളില്ല

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ പ്രതിസന്ധി; ജഴ്സി സ്പോൺസർ ചെയ്യാൻ ആളില്ല

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ പ്രതിസന്ധി രൂക്ഷം. ടീം ജഴ്സി സ്പോൺസർ ചെയ്യാൻ ആളില്ലാത്തതാണ് പിസിബിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന സ്പോൺസർമാരുടെ കാലാവധി അവസാനിച്ചിട്ടും പുതിയ ആരെയും ഇതുവരെ പിസിബിക്ക് കണ്ടെത്താനായിട്ടില്ല. സ്പോൺസർമാരെ കണ്ടെത്താനുള്ള ലേലം അടുത്തിടെ നടത്തിയെങ്കിലും ഒരു കമ്പനി മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്. അവർ വളരെ കുറഞ്ഞ ഓഫറാണ് മുന്നോട്ടുവെച്ചത്.

നേരത്തെ പെപ്സിയായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ ജഴ്സി സ്പോൺസർ. അവരുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പുതിയ സ്പോൺസർമാർക്കു വേണ്ടി പിസിബി ലേലം സംഘടിപ്പിച്ചത്. എന്നാൽ, ഒരു കമ്പനി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. പെപ്സി നൽകിക്കൊണ്ടിരുന്ന തുകയുടെ 30 ശതമാനം മാത്രമാണ് ഇവർ മുന്നോട്ടുവച്ചത്. ഈ കരാറിൽ പിസിബിക്ക് താത്പര്യമില്ല.

ജഴ്സി സ്പോൺസർമാർ ഇല്ലാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയ ടീം അംഗങ്ങൾ ലോഗോ ഇല്ലാത്ത ജഴ്സി അണിഞ്ഞാണ് പരിശീലനം നടത്തുന്നത്.

നവംബറിൽ പിഎസ്എൽ നടത്തരുതെന്ന ബിസിസിഐയുടെ അഭ്യർത്ഥന പിസിബി തള്ളിയിരുന്നു. പിഎസ്എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് നോക്കൗട്ട് മത്സരങ്ങൾ നവംബറിൽ നടത്താം എന്ന് തീരുമാനിച്ചത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പിഎസ്എൽ നോക്കൗട്ട് മത്സരങ്ങൾ പിസിബി മാറ്റിവച്ചിരുന്നു. ഇത് നവംബറിൽ നടത്തരുതെന്നാണ് ബിസിസിഐ അഭ്യർത്ഥിച്ചത്. ഒക്ടോബർ-നവംബർ വിൻഡോയിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. നവംബറിൽ പിഎസ്എൽ തീരുമാനിച്ചതോടെ തിരിച്ചടിയാവുക ഐപിഎല്ലിനാവും.

Share this story