കൊവിഡ് ഇടവേളക്ക് ശേഷമുള്ള ആദ്യ ക്രിക്കറ്റ്; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് ഇന്ന് തുടക്കം

കൊവിഡ് ഇടവേളക്ക് ശേഷമുള്ള ആദ്യ ക്രിക്കറ്റ്; ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് ഇന്ന് തുടക്കം

വെസ്റ്റ് ഇൻഡീസിൻ്റെ ഇംഗ്ലണ്ട് പര്യടനം ഇന്നു മുതൽ ആരംഭിക്കും. കൊവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരമാണ് ഇത്. വിൻഡീസ് താരങ്ങൾ വളരെ മുൻപ് തന്നെ എത്തി പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു. കൊവിഡ് നിർദ്ദേശങ്ങളൊക്കെ പാലിച്ച് നടത്തുന്ന ആദ്യ മത്സരം എന്ന നിലക്ക് ഈ ടെസ്റ്റിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

ആളില്ലാത്ത സ്റ്റേഡിയത്തിൽ നടത്തുന്ന മത്സരങ്ങൾ കളിക്കാർക്ക് വിരസമാവാതിരിക്കാൻ കാണികളുടെ റെക്കോർഡഡ് ആരവവും പാട്ടും കേൾപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണ ഇടവേളക്ക് ശേഷം ശൂന്യമായ സ്റ്റേഡിയങ്ങളിൽ പുനരാരംഭിച്ച ഫുട്ബോൾ മത്സരങ്ങളിൽ പരീക്ഷിച്ച അതേ ആശയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതിന് താരങ്ങൾ സമ്മതം മൂളിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ അഭാവത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. പേസർ സ്റ്റുവർട്ട് ബ്രോഡും ടീമിൽ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്.

ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നാളെ ആദ്യ ടെസ്റ്റ് നടക്കുമ്പോൾ ഈ മാസം 16, 24 എന്നീ തിയതികൾ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി നടക്കും. നാളത്തെ മത്സരം സതാംപ്ടണിലും രണ്ടും മൂന്നും മത്സരങ്ങൾ മാഞ്ചസ്റ്ററിലുമാണ് നടത്തുക. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.

Share this story