ഏഷ്യാകപ്പ് ക്രിക്കറ്റ്; മാറ്റിവച്ചുവെന്ന് ഗാംഗുലി ഇല്ലെന്ന് പിസിബി: തീരുമാനം വ്യാഴാഴ്ച

ഏഷ്യാകപ്പ് ക്രിക്കറ്റ്; മാറ്റിവച്ചുവെന്ന് ഗാംഗുലി ഇല്ലെന്ന് പിസിബി: തീരുമാനം വ്യാഴാഴ്ച

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പാകിസ്താൻ ആതിഥേയരാവുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. എന്നാൽ, ഗാംഗുലി പറഞ്ഞത് അസംബന്ധമാണെന്നും തീരുമാനം എടുക്കേണ്ടത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആണെന്നും പിസിബി തലവൻ ഇഹ്‌സാൻ മാനി അറിയിച്ചു.

ഏഷ്യാ കപ്പിൻ്റെ ഭാവി തീരുമാനിക്കാനായി വ്യാഴാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “ഡിസംബറിൽ നമ്മൾ ആദ്യ മുഴുനീള സീരീസ് നടത്തും. ഏഷ്യാ കപ്പ് മാറ്റിവച്ചു.”- ഒരു ഇൻസ്റ്റഗ്രാം ലൈവിനിടെ ഗാംഗുലി പറഞ്ഞു. എന്നാൽ, ഗാംഗുലിയുടെ പ്രസ്താവന പിസിബി തള്ളി. “എൻ്റെ അറിവിൽ ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എസിസി ബോഡിയാണ്. തീരുമാനം അവിടെയാണ് എടുക്കേണ്ടത്. ഗാംഗുലിയുടെ പരാമർശങ്ങൾക്ക് അവിടെ സ്വാധീനമില്ല.”- പിസിബി തലവൻ ഇഹ്സാൻ മാനി പറഞ്ഞു.

ഏഷ്യാ കപ്പ് മാറ്റിവെക്കില്ലെന്ന് പിസിബി പലതവണ അറിയിച്ചിരുന്നു. “ഏഷ്യാ കപ്പുമായി മുന്നോട്ടു പോവും. സെപ്തംബർ രണ്ടിന് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം പാക് ടീം നാട്ടിൽ തിരിച്ചെത്തും. അതിനു ശേഷം സെപ്തംബറിലോ, ഒക്ടോബറിലോ ഏഷ്യാ കപ്പ് നടത്താൻ കഴിയും. വേദിയെക്കുറിച്ചും തീയതിയെക്കുറിച്ചും ഇപ്പോൾ പറയാൻ സാധിക്കില്ല. ഏഷ്യാ കപ്പ് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ശ്രീലങ്കയിൽ കൊവിഡ് കേസുകൾ കുറവാണ്. അവർ തയ്യാറായില്ലെങ്കിൽ യുഇഎ തയ്യാറാവും. ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് ആതിഥേയത്വം ശ്രീലങ്കക്ക് നൽകിയാൽ അടുത്ത തവണ അവരുടെ വേദി ഞങ്ങൾക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങൾ നവംബറിൽ നടത്താനും ആലോചനയുണ്ട്”- പിസിബി പറഞ്ഞിരുന്നു.

Share this story