ക്രിക്കറ്റില്‍ കേമന്‍മാര്‍, വിദാഭ്യാസം കുറവ്;ഒന്നാമന്‍ സച്ചിന്‍! കോലിയും രോഹിതും….?

ക്രിക്കറ്റില്‍ കേമന്‍മാര്‍, വിദാഭ്യാസം കുറവ്;ഒന്നാമന്‍ സച്ചിന്‍! കോലിയും രോഹിതും….?

ഒരാളുടെ പ്രതിഭയെ വിലയിരുത്താനുള്ള അളവുകോല്‍ വിദ്യാഭ്യാസമാണെന്ന് നമുക്ക് ഒരിക്കലും പറയാനാവില്ല. കാരണം വിദ്യാഭ്യാസം വളരെ കുറവുള്ള ചിലര്‍ പല മേഖലകളിലും നേട്ടങ്ങള്‍ കൊയ്ത് ലോകത്തിന്റെ നെറുകയിലെത്തിയതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ വിദ്യാഭ്യാസം വളരെ കുറവായിരുന്നിട്ടും ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള നിരവധി മികച്ച താരങ്ങളെയും നമുക്കറിയാം.

ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യം നോക്കിയാലും അവിടെയും ഉയര്‍ന്ന വിദ്യാഭാസ്യമുള്ളവരും തീരെ കുറവുമുള്ളവരുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. വിദ്യാഭ്യം കുറഞ്ഞ ചില പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

രോഹിത് ശര്‍മ (പ്ലസ് 2)

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനായ അദ്ദേഹത്തിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോറും.
ആരാധകര്‍ ഹിറ്റ്മാനെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന രോഹിത് പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പഠനവും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടു പോവാന്‍ അദ്ദേഹം ശരിക്കും വിഷമിച്ചിരുന്നു. ഇതോടെയാണ് വീട്ടുകാരുടെ കൂടി സമ്മതത്തോടെ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനം ഉപേക്ഷിക്കാനും രോഹിത് തീരുമാനിക്കുകയായിരുന്നു.

ഹര്‍ഭജന്‍ സിങ് (പ്ലസ് 2)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ സ്ഥാനം. ടര്‍ബനേറ്റര്‍ എന്നു വിളിപ്പേരുള്ള ഭാജി ഇന്ത്യക്കൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ആദ്യത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം.
രോഹിത്തിനെപ്പോലെ തന്നെ ഭാജിയും പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പ്ലസ്ടു പാസായതിനു ശേഷം അദ്ദേഹം ക്രിക്കറ്റിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുകയും പഠനം ഉപേക്ഷിക്കുകയുമായിരുന്നു.

യുവരാജ് സിങ് (പ്ലസ് 2)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം യുവരാജ് സിങിന്റെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം ടീമിനൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയാണ് യുവി ടീമിനൊപ്പം നേടിയത്. ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന അദ്ദേഹം ടി20യില്‍ ഒരോവറില്‍ ആറു പന്തിലും സിക്‌സര്‍ നേടിയ ഏക താരം കൂടിയാണ്.
യുവി പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. ചണ്ഡീഗഡിലെ ഡിഎബി പബ്ലിക്ക് സ്‌കൂളില്‍ നിന്നും 12ാം ക്ലാസ് പാസായ ശേഷം പഠനം വിട്ട് ക്രിക്കറ്റിനെ കൂട്ടുപിടിക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍ (പ്ലസ് 2)

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം ഓപ്പണറാണ് ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കുന്ന ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുള്ള അദ്ദേഹം നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകളിലാണ് ധവാന്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
ലിസ്റ്റിലെ മറ്റുള്ളവരെപ്പോലെ ധവാനും പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം മുഴുവന്‍ സമയ ക്രിക്കറ്ററാവുകയായിരുന്നു.

വിരാട് കോലി (പ്ലസ് ടു)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു വിലയിരുത്തപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ബാറ്റ്‌സ്മാന്‍ കടൂടിയാണ് കോലി.
കോലിയും പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. വിശാല്‍ ഭാരതി ആന്റ് സേവ്യര്‍ കോണ്‍വെന്റ് സ്‌കൂളിലാണ് താരം പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (പത്താം ക്ലാസ്)

ക്രിക്കറ്റ് അനൗദ്യോഗിക മതമായ ഇന്ത്യയിലെ ക്രിക്കറ്റ് ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെക്കോര്‍ഡുകളുടെ തമ്പുരാനായ അദ്ദേഹം ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ പേരിലാക്കിക്കഴിഞ്ഞു. ഇവയില്‍ പലതും ഒരിക്കലും തകര്‍പ്പെടാന്‍ സാധ്യതയില്ലാത്തതുമാണ്.
എന്നാല്‍ പഠനത്തിലേക്കു വന്നാല്‍ സച്ചിന്‍ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പത്താം ക്ലാസ് പരീക്ഷയെഴുത്താന്‍ പോലും അദ്ദേഹത്തിനായില്ല. പരീക്ഷ നടക്കുമ്പോള്‍ പാകിസ്താനെതിരായ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

Share this story