ഐപിഎൽ 2020: റസലും നരെയ്‌നും യുഎഇയിലെത്തി, സ്വാഗതം ചെയ്ത് കെകെആര്‍

ഐപിഎൽ 2020: റസലും നരെയ്‌നും യുഎഇയിലെത്തി, സ്വാഗതം ചെയ്ത് കെകെആര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനായി ആന്‍ഡ്രേ റസലും സുനില്‍ നരെയ്‌നും യുഎഇയിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍ണ്ണായക താരങ്ങളായ ഇരുവരേയും സ്വാഗതം ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടട്ടുണ്ട്. റസല്‍ നരെയ്‌നൊപ്പമുള്ള ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും ഐപിഎല്ലിനെത്തുന്നത്. ആന്‍ഡ്രേ റസലും സുനില്‍ നരെയ്‌നും മികച്ച പ്രകടനമാണ് സിപിഎല്ലിലും പുറത്തെടുത്തത്.

2014ല്‍ യുഎഇയും ഭാഗമായ ഐപിഎല്ലില്‍ സുനില്‍ നരെയ്ന്‍ തിളങ്ങിയിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ഇത്തവണയും നരെയ്‌നില്‍ പ്രതീക്ഷ ഏറെയാണ്. യുഎഇയിലെ മൈതാനം താരതമ്യേന വലുതായതിനാല്‍ റസലിനൊപ്പോലൊരു വമ്പന്‍ അടിക്കാരന്റെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നല്‍കും. 64 ഐപിഎല്ലില്‍ നിന്നായി 33.33 ശരാശരിയില്‍ 1400 റണ്‍സും 55 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം. 186.42 ആണ് സ്‌ട്രൈക്കറേറ്റ്. 110 ഐപിഎല്‍ കളിച്ചിട്ടുള്ള നരെയ്ന്‍ 771 റണ്‍സും 122 വിക്കറ്റും നേടിയിട്ടുണ്ട്.

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയും കരുത്തുറ്റ ടീമുമായാണ് എത്തുന്നത്. ദിനേഷ് കാര്‍ത്തിക് തന്നെയാണ് ഇത്തവണയും നായകന്‍. ഐപിഎല്ലിന്റെ ആദ്യ മത്സരം മുതല്‍ വിദേശ താരങ്ങളെ ലഭ്യമാകുമെന്ന് കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ താരലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് കെകെആറിന്റെ ഭാഗമാണ്. 15.5 കോടിക്കാണ് കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കിയത്. കൂടാതെ ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകന്‍ ഇയാന്‍ മോര്‍ഗനാണ് കെകെആര്‍ ഇത്തവണ ടീമിലെത്തിച്ച മറ്റൊരു പ്രധാന താരം.

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റനേയും ഇത്തവണ കെകെആര്‍ ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസനാണ് ടീമിലെ പ്രധാനപ്പെട്ട മറ്റൊരു വിദേശ താരം. സ്പിന്നില്‍ കുല്‍ദീപ് യാദവാകും ടീമിന്റെ കുന്തമുന. പ്രസിദ്ധ് കൃഷണയാണ് ടീമിലെ പ്രധാന ഇന്ത്യന്‍ പേസര്‍. അനുഭവ സമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം ടീമിലുണ്ട്. ബ്രണ്ടന്‍ മക്കല്ലം മുഖ്യ പരിശീലകനായ കെകെആറില്‍ ശുബ്മാന്‍ ഗില്‍,നിധീഷ് റാണ തുടങ്ങിയവരും ബാറ്റിങ് കരുത്തേകാന്‍ ഇന്ത്യന്‍ താരങ്ങളായുണ്ട്.

Share this story