ഐപിഎൽ 2020; ബിഗ് ബോസില്‍ കഴിയുന്നതു പോലെ, ഇത് ആദ്യത്തെ അനുഭവം: മനസ്സ് തുറന്ന് ധവാന്‍

ഐപിഎൽ 2020; ബിഗ് ബോസില്‍ കഴിയുന്നതു പോലെ, ഇത് ആദ്യത്തെ അനുഭവം: മനസ്സ് തുറന്ന് ധവാന്‍

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി യുഎഇയില്‍ ബയോ ബബ്‌ളില്‍ കഴിയുന്നതിന്റെ അനുഭവത്തെക്കുറിച്ച് മനസ്സ്തുറക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍. കൊവിഡ് കാരണം മാസങ്ങളോളം വെറുതെയിരുന്ന ശേഷം വീണ്ടും ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍ക്കു പ്രിയങ്കരനായ ഗബ്ബാര്‍.

പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ യുഎഇയില്‍ രണ്ടു മാസത്തിലേറെ ബയോ ബബ്‌ളില്‍ കഴിയേണ്ടി വരികയെന്നത് വെല്ലുവിളി തന്നെയാണെന്നും ധവാന്‍ വ്യക്തമാക്കി.

ബിഗ് ബോസ് പോലെ തന്നെ

താനുള്‍പ്പെടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള ഓരോരുത്തരുടെയും മനസ്സിന്റെ കരുത്ത് അളക്കാനുള്ള അവസരം കൂടിയാണ് ഈ ബയോ ബബ്ള്‍. യഥാര്‍ഥത്തില്‍ ഇത് ബിഗ് ബോസില്‍ കളിയുന്നതിനു സമാനമാണെന്നും ധവാന്‍ പറയുന്നു.

ഐപിഎല്ലിന്റെ ഭാഗമായി ഏകദേശം 80 ദിവസത്തോളമാണ് താരങ്ങള്‍ക്കു ബയോ ബബ്‌ളിനകത്ത് കഴിയേണ്ടത്. ഹോട്ടല്‍ മുറി, പരിശീലന ഗ്രൗണ്ട്, മല്‍സരവേദി ഇതിന് അപ്പുറത്തേക്കു ഇത്രയും കാലം അവര്‍ക്കൊരു ലോകമില്ല. ഇവ മാത്രമല്ല കാണികളില്ലാത്ത ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ക്കു മല്‍സരങ്ങള്‍ കളിക്കുകയും വേണമെന്നതും മറ്റൊരു അഗ്നിപരീക്ഷയാണ്.

എല്ലാവര്‍ക്കും പുതിയ അനുഭവം

ബയോ ബബ്‌ളെന്നത് എല്ലാവര്‍ക്കും പുതിയ അനുഭവം തന്നെയാണ്. വെല്ലുവിളിയേക്കാളുപരി ഇത് എല്ലാ തരത്തിലും സ്വയം മെച്ചപ്പെടാനുള്ള ഒരു അവസരമായാണ് താന്‍ കാണുന്നത്. താന്‍ എല്ലായ്‌പ്പോഴും സ്വയം രസിപ്പിച്ചു കൊണ്ടിരിക്കും. പോസിറ്റീയ രീതിയിലാണ് ഇവയെ താന്‍ കാണുന്നതെന്നും ധവാന്‍ വ്യക്തമാക്കി.

ഈ പുതിയ യാഥാര്‍ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഐപിഎല്ലില്‍ ഒ രു താരത്തിന്റെ പ്രകടനമെന്നും ധവാന്‍ ചൂണ്ടിക്കാട്ടി.

സ്വയം പ്രചോദിപ്പിക്കണം

ഐപിഎല്ലിനിടെ ഓരോ താരവും പോസിറ്റീവായിരിക്കുകയും സ്വയം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യണമെന്നത് വളരെ പ്രധാനമാണെന്നു ധവാന്‍ അഭിപ്രായപ്പെട്ടു. ഓരോ താരവും സ്വയം തന്നോടു തന്നെ സംസാരിച്ചു കൊണ്ടിരിക്കണം. നിങ്ങളുടെ ഏറ്റവും മികച്ച സുഹൃത്തായി സ്വയം മാറാം. പോസിറ്റീവ് ചിന്താഗതിയുള്ള 10 പേര്‍ നിങ്ങള്‍ക്കു ചുറ്റിലും ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ സുഹൃത്തല്ലെങ്കില്‍ മറ്റാര്‍ക്കും സഹായിക്കാന്‍ കഴിയില്ല.

റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നതും ആളുകളെ കാണുന്നതുമെല്ലാം തനിക്ക് ഇഷ്ടമാണ്. പക്ഷെ ഇത്തവണ ഇതൊന്നും നടക്കില്ല. ഇതിനെ എങ്ങനെ ഓരോരുത്തരും ഉള്‍ക്കൊള്ളുമെന്നത് വലിയ ചോദ്യം തന്നെയാണെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

മാനസിക വെല്ലുവിളി

മാനസിക വെല്ലുവിളികളെ മറികടക്കാന്‍ ലോക്ക്ഡൗണ്‍ സമയങ്ങള്‍ താന്‍ ധ്യാനവും യോഗയുമെല്ലാം പരിശീലിച്ചിരുന്നതായി ധവാന്‍ വ്യക്തമാക്കി. അത് തന്നെ മാനസികമായും ശാരീരികുമായും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്റെം സ്റ്റാമിനയും വേഗവുമെല്ലാം ഇപ്പോള്‍ മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. നേരത്തേ അത്ര വഴങ്ങാത്ത ശരീപപ്രകൃതമായിരുന്നു തന്റേത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. കഴിവിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. തന്റെ നില്‍പ്പിലും ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. അത് ചിലപ്പോള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ലെന്നും 34 കാരനായ ധവാന്‍ വ്യക്തമാക്കി. ഞായറാഴ്ച കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് ഐപിഎല്ലില്‍ ഡല്‍ഹിയുടെ ആദ്യ മല്‍സരം.

Share this story