റായുഡു റോക്ക്‌സ്, ഡുപ്ലെസിയും; ചാംപ്യന്മാരെ മലര്‍ത്തിയടിച്ച് ധോണിപ്പട

റായുഡു റോക്ക്‌സ്, ഡുപ്ലെസിയും; ചാംപ്യന്മാരെ മലര്‍ത്തിയടിച്ച് ധോണിപ്പട

അബുദാബി: ഐപിഎല്ലിന്റെ 13-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ അണിനിരന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണിലെ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ അഞ്ചു വിക്കറ്റിനാണ് ചെന്നൈ മുംബൈ വീഴ്ത്തിയത്. പതിവുപോലെ മുംബൈ ഈ സീസണും തോറ്റു തുടങ്ങി.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡുപ്ലെസി എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്തു.

ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലെസിയുടെ ഇന്നിങ്സും (44 പന്തിൽ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തിൽ നിർണായകമായി. മൂന്നാം വിക്കറ്റില്‍ ഇരുവരും 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവീന്ദ്ര ജഡേജ (10), സാം കറന്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. സൗരഭ് തിവാരി 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് ടോപ് സ്കോററായി. ക്വിന്റൻ ഡികോക്ക് 20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്തു. സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് പാണ്ഡ്യ (14), ക്രുനാന്‍ പാണ്ഡ്യ (3), പൊള്ളാര്‍ഡ് (18) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

ചെന്നൈക്കായി എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു.

Share this story