ചെന്നൈയുടെ കൊമ്പൊടിച്ച് സഞ്ജു, ധോണിപ്പടയ്ക്ക് ലക്ഷ്യം 217

ചെന്നൈയുടെ കൊമ്പൊടിച്ച് സഞ്ജു, ധോണിപ്പടയ്ക്ക് ലക്ഷ്യം 217

ഷാര്‍ജ: ഐപിഎല്‍ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയലക്ഷ്യം 217 റണ്‍സ്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് കുറിച്ചു. ആദ്യം സഞ്ജു സാംസണ്‍. പിന്നെ സ്റ്റീവ് സ്മിത്ത്. ഒടുവിൽ ജോഫ്ര ആർച്ചർ. ക്രീസില്‍ രാജസ്ഥാന്‍ നടരാജനൃത്തമാടിയപ്പോള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്ഷരാര്‍ത്ഥത്തില്‍ പകച്ചുപോയി. പന്തെവിടെ എറിഞ്ഞാലും സിക്‌സ്. പത്തോവര്‍ വേണ്ടിവന്നില്ല രാജസ്ഥാന് 100 തികയ്ക്കാന്‍. എന്നാല്‍ സെഞ്ച്വറിയിലേക്ക് കണ്ണഞ്ചും വേഗത്തില്‍ കുതിച്ച സഞ്ജുവിന് ധോണി കടിഞ്ഞാണിട്ടു, ലുങ്കി എന്‍ഗിഡിയിലൂടെ. 32 പന്തില്‍ 74 റണ്‍സുമായാണ് സഞ്ജു സാംസണ്‍ മടങ്ങിയത്.

മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് രവീന്ദ്ര ജഡേജയും പിയൂഷ് ചൗളയും ശരിക്കും അറിഞ്ഞു. ചെന്നൈയുടെ സ്റ്റാര്‍ ബൗളര്‍ ദീപക് ചഹറിനെയും സഞ്ജു വെറുതെവിട്ടില്ല. 9 പടുകൂറ്റന്‍ സിക്‌സുകളാണ് സഞ്ജു ചെന്നൈയ്ക്ക് എതിരെ അടിച്ചത്. സ്‌ട്രൈക്ക് റേറ്റ് 231! ചൗളയെറിഞ്ഞ എട്ടാം ഓവറിലാണ് രാജസ്ഥാന്‍ ടോപ് ഗിയറിലേക്ക് കടന്നത്. ഈ ഓവറില്‍ മാത്രം നാലു സിക്‌സുകള്‍ ഉള്‍പ്പെടെ 28 റണ്‍സ് രാജസ്ഥാന്‍ അടിച്ചെടുത്തു. 12 ആം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ സ്ലോ ബോള്‍ കെണിയിലാണ് സഞ്ജു വീഴുന്നത്. ഓഫ് സ്റ്റംപിന് വെളിയിലായി കുത്തിയുയര്‍ന്ന എന്‍ഗിഡിയുടെ പന്തിനെ തിരഞ്ഞുപിടിച്ച് അടിക്കാന്‍ ചെന്നതായിരുന്നു സഞ്ജു. പക്ഷെ പന്തിന് വേഗമുണ്ടായില്ല. ഡീപ് കവറിലേക്ക് ഓടിയെത്തിയ ചഹര്‍ ക്യാച്ച് പിടിച്ചെടുത്തു. ഒടുവില്‍ ചെന്നൈ ദീര്‍ഘനിശ്വാസവും വിട്ടു.

സഞ്ജുവിന് ശേഷമെത്തിയ ഡേവിഡ് മില്ലറിനും (0) റോബിന്‍ ഉത്തപ്പയ്ക്കും (5) ക്രീസില്‍ നിലയുറപ്പിക്കാനായില്ല. റിതുരാജ് ഗെയ്ക് വാഡ് മില്ലറെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാക്കിയപ്പോള്‍ റോബിന്‍ ഉത്തപ്പ പിയൂഷ് ചൗളയുടെ സ്പിന്നില്‍ പതറി. ഒരറ്റത്ത് നായകന്‍ സ്റ്റീവ് സ്മിത്ത് ആക്രമിച്ച് കളിച്ചെങ്കിലും മറുഭാഗത്ത് തുടരെ വിക്കറ്റുകള്‍ വീണത് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ വേഗം കുറച്ചു. 17 ആം ഓവറില്‍ തേവാട്ടിയയും (10) പരാഗും (6) തിരിച്ചെത്തി. സാം കറനാണ് ഇരുവരുടെയും വിക്കറ്റ്. അവസാന ഓവറുകളില്‍ നിറഞ്ഞാടാന്‍ പദ്ധതിയിട്ട സ്റ്റീവ് സ്മിത്തിനും കാര്യങ്ങള്‍ എളുപ്പമായില്ല. 19 ആം ഓവറില്‍ സാം കറന്‍ തന്നെ രാജസ്ഥാന്‍ നായകന് മടക്കടിക്കറ്റ് നല്‍കി. 47 പന്തില്‍ 69 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. 4 വീതം സിക്‌സും ഫോറും സ്മിത്തിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 146. നാടകീയത നിറഞ്ഞ 20 ആം ഓവറിൽ എൻഗിഡിയുടെ കയ്യയഞ്ഞ ബൌളിങ് ജോഫ്ര ആർച്ചർക്ക് (8 പന്തിൽ 27) അനുഗ്രഹമായി. ഈ ഓവറിൽ മാത്രം 30 റൺസാണ് രാജസ്ഥാൻ കയ്യടക്കിയത്.

ചെന്നൈ നിരയില്‍ മൂന്നു വിക്കറ്റു വീഴ്ത്തിയ സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദീപക് ചഹിനും ലുങ്കി എന്‍ഗിഡിക്കും പിയൂഷ് ചൗളയ്ക്കും ഓരോ വിക്കറ്റു വീതമുണ്ട്. ഇരു ടീമുകളുടെ പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ചെന്നൈ സൂപ്പർ കിങ്സ്:
മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്ക്‌വാഡ്, എംഎസ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചഹര്‍, പിയൂഷ് ചൗള, ലുങ്കി എന്‍ഗിഡി.

രാജസ്ഥാൻ റോയൽസ്:
യശസ്വി ജെയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത് (നായകന്‍), ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ടോം കറന്‍, രാഹുല്‍ തേവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട്.

Share this story