ഷാര്‍ജയില്‍ റണ്‍മഴ, ത്രില്ലറില്‍ കെകെആറിനെ കീഴടക്കി ഡല്‍ഹി

ഷാര്‍ജയില്‍ റണ്‍മഴ, ത്രില്ലറില്‍ കെകെആറിനെ കീഴടക്കി ഡല്‍ഹി

ഐ.പി.എല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സിന്റെ തോല്‍വി. ഡല്‍ഹി മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ ആയുള്ളു. 35 ബോളില്‍ 58 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

വിജയലക്ഷ്യം വിദൂരമായിരുന്നിട്ടും അവസാന ഓവറുകളില്‍ കൂറ്റനടികളുമായി മോര്‍ഗനും രാഹുല്‍ ത്രിപാഠിയും പൊരുതിയത് കൊല്‍ക്കത്തന്‍ ഇന്നിംഗ്‌സിലെ സുന്ദര കാഴ്ചയായി. മോര്‍ഗന്‍ 18 ബോളില്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 44 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി 16 ബോളില്‍ 3 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 36 റണ്‍സ് നേടി.

റസല്‍ അടക്കമുള്ള വമ്പനടി ബാറ്റ്‌സ്മാന്മാരില്‍ വിശ്വാസമര്‍പ്പിച്ച് ഷാര്‍ജയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച തീരുമാനം തൊട്ട് പിഴച്ച നായകന്‍ ദിനേശ് കാര്‍ത്തിക്കിന് ബാറ്റിംഗിലും പിഴച്ചു. 8 ബോളില്‍ 6 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാനായത്. റസല്‍ 8 ബോളില്‍ 13 റണ്‍സ് നേടി പുറത്തായി. ശുഭ്മാന്‍ ഗില്‍ 22 ബോളില്‍ 28 റണ്‍സും സുനില്‍ നരെയ്ന്‍ 5 ബോളില്‍ 3 റണ്‍സെടുത്തും പുറത്തായി. ഡല്‍ഹിയ്ക്കായി ആന്റിച്ച് നോര്‍ജെ മൂന്നു വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും റബാഡ, അമിത് മിശ്ര, സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ബാറ്റ്സ്മാന്‍മാരുടെ പറുദീസയായ ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 എന്ന വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 38 ബോളില്‍ 88 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോര്‍. 6 സിക്‌സും 7 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്.

പൃഥ്വി ഷാ 41 ബോളില്‍ 4 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയില്‍ 66 റണ്‍സ് നേടി. റിഷഭ് പന്ത് 17 ബോളില്‍ 38 റണ്‍സെടുത്തപ്പോള്‍ ധവാന്‍ 16 ബോളില്‍ 26 റണ്‍സ് നേടി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (1) നിരാശപ്പെടുത്തി. കൊല്‍ക്കത്തയ്ക്കായ് ആന്ദ്രെ റസല്‍ രണ്ടും കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Share this story