സ്റ്റോയ്‌നിസ്, പൃഥ്വി മിന്നി; ബാംഗ്ലൂരിന്റെ ലക്ഷ്യം 197 റണ്‍സ്

സ്റ്റോയ്‌നിസ്, പൃഥ്വി മിന്നി; ബാംഗ്ലൂരിന്റെ ലക്ഷ്യം 197 റണ്‍സ്

ദുബായ്: ഐപിഎല്ലിലെ 19ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നാലു വിക്കറ്റിനു 196 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (53*), പൃഥ്വി ഷാ (42), റിഷഭ് പന്ത് (37), ശിഖര്‍ ധവാന്‍ (32), എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്.

26 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമക്കമാണ് സ്റ്റോയ്‌നിസ് ഡല്‍ഹിയുടെ അമരക്കാരനായത്. പൃഥ്വി 23 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ റിഷഭ് പന്ത് 25 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും കണ്ടെത്തി. നാലാം വിക്കറ്റില്‍ സ്‌റ്റോയ്‌നിസ്- പന്ത് സഖ്യം ചേര്‍ന്ന് അടിച്ചെടുത്ത 89 റണ്‍സാണ് ഡല്‍ഹി ഇന്നിങ്‌സിനു കരുത്തായത്. 43 പന്തിലായിരുന്നു ഇത്. ഒന്നിന് 68 റണ്‍സെന്ന നിലയില്‍ നിന്നും ഡല്‍ഹി ഒരു ഘട്ടത്തില്‍ മൂന്നിന് 90 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും സ്റ്റോയ്‌സിസ്- പന്ത് ജോടി ക്രീസില്‍ ഒന്നിച്ചതോടെ ഡല്‍ഹി വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മല്‍സരത്തില്‍ ആറു ബൗളര്‍മാരെക്കൊണ്ട് കോലി പന്തെറിയിച്ചപ്പോള്‍ മുഹമ്മദ് സിറാജിനു രണ്ടും , മോയിന്‍ അലി, ഇസുരു ഉദാന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

ടോസ് ലഭിച്ച ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ആര്‍സിബി ഇറങ്ങിയത്. ആദം സാംപയ്ക്കു പകരം മോയിന്‍ അലിയും ഗുര്‍കീരത് മാനിനു പകരം മുഹമ്മദ് സിറാജും ടീമിലെത്തി. ഡല്‍ഹി ടീമിലാവട്ടെ ഒരു മാറ്റമാണ് വരുത്തിയത്. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയ അമിത് മിശ്രയ്ക്കു പകരം അക്ഷര്‍ പട്ടേല്‍ കളിച്ചു.

ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ട്

ഡല്‍ഹിക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്നു നല്‍കിയത്. ഇസുരു ഉദാനയുടെ ആദ്യ ഓവറില്‍ തന്നെ മൂന്നു ബൗണ്ടറികൡകളടക്കം 14 റണ്‍സ് അടിച്ചെടുത്ത് ഡല്‍ഹി നയം വ്യക്തമാക്കിയിരുന്നു. മൂന്നു ബൗണ്ടറികളും പൃഥ്വിയുടെ വകയായിരുന്നു. നവദീപ് സെയ്‌നിയെറിഞ്ഞ മൂന്നാമത്തെ ഓവറില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 14 റണ്‍സും യുസ്വേന്ദ്ര ചഹലെറിഞ്ഞ അഞ്ചാമത്തെ ഓവറില്‍ 18 റണ്‍സും പൃഥ്വിയും ധവാനും ചേര്‍ന്നെടുത്തു.

ഏഴാം ഓവറില്‍ ഫിഫ്റ്റിക്ക് എട്ടു റണ്‍സകലെ പൃഥ്വിയെ പുറത്താക്കി ആര്‍സിബി ബ്രേക്ക്ത്രൂ നേടി. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ എബി ഡിവില്ലിയേഴ്‌സ് പൃഥ്വിയെ ക്യാച്ച് ചെയ്യുകയായിരുന്നു.

ധവാന്‍, ശ്രേയസ് പുറത്ത്

പൃഥ്വി മടങ്ങി മൂന്നാമത്തെ ഓവറില്‍ തന്നെ ധവാനെയും ഡല്‍ഹി തിരിച്ചയച്ചു. ഉദാനയാണ് അദ്ദേഹത്തെ മടക്കിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ധവാനെ ലോങ് ഓണില്‍ മോയിന്‍ അലി ക്യാച്ച് ചെയ്തു. 28 പന്തുകള്‍ നേരിട്ട ധവാന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുണ്ടായിരുന്നു.

തൊട്ടുമുമ്പത്തെ കളിയില്‍ കെകെആറിനെതിരേ റണ്‍സ് വാരിക്കൂട്ടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയലിന് ഈ മല്‍സരത്തില്‍ ഇതാവര്‍ത്തിക്കാനായില്ല.

11 റണ്‍സ് മാത്രമെടുത്ത ശ്രേയസിനെ മോയിന്‍ അലി പുറത്താക്കി. എന്നാല്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഈ വിക്കറ്റ് യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നത്. താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ച് ശ്രേയസിനെ സ്തബ്ധനാക്കി. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ക്യാച്ചെടുത്ത ദേവ്ദത്തിന് ബാലന്‍സ് തെറ്റിയെങ്കിലും ബൗണ്ടറിക്കുള്ളിലേക്കു പന്ത് തിരികെയിട്ട ശേഷം വീണ്ടും അകത്തേക്ക് കയറി താരം ക്യാച്ചെടുക്കുകയായിരുന്നു.

Share this story