രാജസ്ഥാനെ ഷാര്‍ജയും കൈവിട്ടു; ഡല്‍ഹിക്കു വമ്പന്‍ ജയം, ഒന്നാമത്

രാജസ്ഥാനെ ഷാര്‍ജയും കൈവിട്ടു; ഡല്‍ഹിക്കു വമ്പന്‍ ജയം, ഒന്നാമത്

ഷാര്‍ജ: ഐപിഎല്ലില്‍ ഈ സീസണില്‍ ഭാഗ്യവേദിയായ ഷാര്‍ജയും രാജസ്ഥാന്‍ റോയല്‍സിനെ കൈവിട്ടു. ഈ വേദിയില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്ത രാജസ്ഥാന് പക്ഷെ മൂന്നാം വരവില്‍ പിഴച്ചു. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 46 റണ്‍സിന്റെ കനത്ത തോല്‍വിയാണ് സ്റ്റീവ് സ്മിത്തും സംഘവും ഏറ്റുവാങ്ങിയത്. ഇതോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

185 റണ്‍സിന്റെ വിജലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന് പക്ഷെ ഡല്‍ഹിയുടെ തകര്‍പ്പന്‍ ബൗളിങിനും ഫീല്‍ഡിങിനും മുന്നില്‍ മറുപടിയില്ലായിരുന്നു. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി കൂടാരത്തിലേക്കു മടങ്ങുന്നതാണ് കണ്ടത്. രണ്ടു പന്ത് ശേഷിക്കെ 138 റണ്‍സിന് രാജസ്ഥാന്‍ പുറത്തായി. നേരത്തേ ഷാര്‍ജയില്‍ കൡച്ച രണ്ടു മല്‍സരങ്ങളിലും രാജസ്ഥാന്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ഡല്‍ഹിയുടെ ബൗളിങിനു മുന്നില്‍ രാജസ്ഥാന് ഒന്നും ചെയ്യാനായില്ല.

രാഹുല്‍ തെവാത്തിയ (38), ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (34), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (24) എന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ ബാറ്റിങ് നിരയുടെ പ്രകടനം ദയനീയമായിരുന്നു. തുടര്‍ച്ചയായ നാലാമത്തെ കളിയിലും മലയാളി താരം സഞ്ജു സാംസണ്‍ (5) ഒറ്റയക്ക സ്‌കോറിനു പുറത്തായി. 29 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് തെവാത്തിയ രാജസ്ഥാന്റെ ടോപ്‌സ്‌കോററായത്. ജോസ് ബട്‌ലര്‍ (13), മഹിപാല്‍ ലൊംറോര്‍ (1), ആന്‍ഡ്രു ടൈ (6), ജോഫ്ര ആര്‍ച്ചര്‍ (2), ശ്രേയസ് ഗോപാല്‍ (2), കാര്‍ത്തിക് ത്യാഗി (2*), വരുണ്‍ ആരോണ്‍ (1) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതമെടുത്ത ആര്‍ അശ്വിനും മാര്‍ക്കസ് സ്റ്റോയ്‌നിസുമാണ് ഡല്‍ഹി ബളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ആന്റിച്ച് നോര്‍ട്ടെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി എട്ടു വിക്കറ്റിന് 184 റണ്‍സാണ് നേടിയത്. അവസാന അഞ്ചോവറില്‍ അടിച്ചെടുത്ത 62 റണ്‍സാണ് ഡല്‍ഹിയെ 180 കടത്തിയത്. ഡല്‍ഹി ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (45), മാര്‍ക്കസ് സ്റ്റോയ്‌നിസ് (39), നായകന്‍ ശ്രേയസ് അയ്യര്‍ (22) എന്നിവരാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ എട്ടു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 16 റണ്‍സെടുത്തു മടങ്ങി. ശിഖര്‍ ധവാന്‍ (5), പൃഥ്വി ഷാ (19), റിഷഭ് പന്ത് (5) എന്നിവര്‍ ഫ്‌ളോപ്പായി മാറി. 24 പന്തുകളില്‍ നിന്നും അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടുന്നതാണ് ഹെറ്റ്‌മെയറുടെ ഇന്നിങ്‌സ്. സ്‌റ്റോയ്‌നിസ് 30 പന്തില്‍ നാലു സിക്‌സറുകള്‍ പറത്തിയപ്പോള്‍ ശ്രേയസ് 18 പന്തില്‍ നാലു ബൗണ്ടറികള്‍ നേടി.

ശ്രേയസ്, പന്ത് എന്നിവര്‍ റണ്ണൗട്ടായതാണ് ഡല്‍ഹിയെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. കാര്‍ത്തിക് ത്യാഗിയും രാഹുല്‍ തെവാത്തിയയും ആന്‍ഡ്രു ടൈയും ഓരോ വിക്കറ്റ് വീതമെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഈ മല്‍സരത്തിന് ഇറങ്ങിയത്. അങ്കിത് രാജ്പുത്, ടോം കറെന്‍ എന്നിവര്‍ക്കു പകരം ആന്‍ഡ്രു ടൈ, വരുണ്‍ ആരോണ്‍ എന്നിവര്‍ കളിച്ചു. ഡല്‍ഹി കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ആര്‍ച്ചറുടെ ഇരട്ടപ്രഹരം

മുന്‍ മല്‍സരങ്ങളിലെല്ലാം റണ്‍മഴ പിറന്നിട്ടുള്ള ഷാര്‍ജയില്‍ ഡല്‍ഹിയുടെ തുടക്കം മോശമായിരുന്നു. അഗ്രസീവ് ബൗളിങാണ് തുടക്കം മുതല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്കു ആദ്യ പ്രഹരമേല്‍പ്പിച്ചു.

രണ്ടാത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ ആര്‍ച്ചര്‍ക്കെതിരേ ധവാന്റെ ദുര്‍ബലമായ ഷോട്ട് മിഡ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ അനായാസം പിടികൂടി.

തന്റെ രണ്ടാം ഓവറിലെ രണ്ടാമത്തെ പന്തില്‍ മറ്റൊരു ഓപ്പണറായ പൃഥ്വിയെയും ആര്‍ച്ചര്‍ മടക്കി. ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ പൃഥ്വി ബൗണ്ടറിയിലേക്കു പറത്തി. രണ്ടാമത്തെ പന്തില്‍ പൃഥ്വിയെ ആര്‍ച്ചര്‍ തന്നെ ക്യാച്ച് ചെയ്ത് പുറത്താക്കി. ഷോര്‍ട്ട് ബോളില്‍ പൃഥ്വിക്കു ടൈമിങ് പിഴച്ചപ്പോള്‍ പന്ത് ആകാശത്തേക്കുയര്‍ന്നു. മിഡ് വിക്കറ്റിലേക്കു ഓടിയെത്തിയ ആര്‍ച്ചര്‍ അനായാസം കൈക്കുമ്പിളിലാക്കുകയും ചെയ്തു.

രണ്ടു റണ്ണൗട്ടുകള്‍

പൃഥ്വി മടങ്ങി ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റനും മികച്ച ഫോമിലുള്ള താരവുമായ ശ്രേയസ് അയ്യര്‍ പുറത്തായി. 18 പന്തില്‍ നിന്നും നാലു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ശ്രേയസിനെ ജയ്‌സ്വാള്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. എക്‌സ്ട്രാ കവറിലേക്കു ഷോട്ട് കളിച്ച ശ്രേയസ് സിംഗിളിനായി ഓടിയെങ്കിലും റിഷഭ് പന്ത് തിരിച്ചയച്ചു. എന്നാല്‍ ജയ്‌സ്വാളിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപില്‍ പതിക്കുമ്പോള്‍ ഡല്‍ഹി നായകന്‍ ക്രീസിന് പുറത്തായിരുന്നു.

പന്തും സമാനമായി തന്നെ റണ്ണൗട്ടായി മടങ്ങി. സ്റ്റോയ്‌നിസ്- പന്ത് സഖ്യം കരുത്താര്‍ജിക്കവെയാണ് റണ്ണൗട്ടിന്റെ രൂപത്തില്‍ വിക്കറ്റ് വീണത്. തെവാത്തിയയുടെ ബൗളിങില്‍ സ്റ്റോയ്‌നിസ് ഷോട്ട് എവിടേക്കാണ് പോയതെന്നു പോലും നോക്കാതെ ഓടുകയായിരുന്നു. സ്‌റ്റോയ്‌നിസ് റണ്ണിനു വിസമ്മതിച്ചപ്പോഴേക്കും മറുവശത്ത് പന്തിന്റെ സ്റ്റംപ് തെറിച്ചിരുന്നു.

Share this story