സിവയ്ക്ക് ഭീഷണി; ധോണിയുടെ ഫാംഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു

സിവയ്ക്ക് ഭീഷണി; ധോണിയുടെ ഫാംഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ധോണിയുടെ മകളും അഞ്ചു വയസുകാരിയുമായ സിവയ്ക്ക് നേരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് പോലീസ് ഫാം ഹൗസിന്‍റെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

അതേസമയം, പ്രായപൂർത്തിയാകാത്ത ധോണിയുടെ മകളെ ഭീഷണിപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ കച്ച് സ്വദേശിയായ 16കാരനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയായി ഭീഷണി കമന്‍റ് പോസ്റ്റ്‌ ചെയ്ത കുറ്റത്തിനാണ് 12 ക്ലാസ് വിദ്യാര്‍ത്ഥിയായ നമ്ന കപയ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

ഐപിഎൽ പതിമൂന്നാം സീസണിലെ മോശം പ്രകടനത്തിന്റെ പേരിലാണ് ധോണിയും കുടുംബവും സൈബര്‍ ആക്രമണം നേരിട്ടത്. വിക്കറ്റിംഗില്‍ മികച്ച ഫോം തുടരുമ്പോഴും മോശം ബാറ്റിംഗിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ധോണിയ്ക്കെതിരെ ഉയരുന്നത്.

ധോണിയുടെ മകളും അഞ്ചു വയസുകാരിയുമായ സിവയ്ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അഴിച്ചുവിട്ടാണ് ആരാധകരില്‍ ചിലരുടെ പ്രതിഷേധം. സിവയ്ക്കെതിരെ ബലാത്സംഗ-വധ ഭീഷണി ഉയര്‍ത്തിയും പ്രതിഷേധം അറിയിച്ചിരുന്നു.

സിവയ്ക്ക് ഭീഷണി; ധോണിയുടെ ഫാംഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു

ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെയും കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പരാജയം നേരിട്ടതോടെയാണ് ആക്രമണം അതിരുകടന്നത്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന മത്സരം ധോണിയുടെയും കേദാര്‍ ജാദവിന്‍റെയും മെല്ലപ്പോക്ക് കാരണം തോല്‍ക്കുകയായിരുന്നു എന്നാണ് വിമര്‍ശനം.

168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 157 റണ്‍സ് മാത്രമാണ് നേടിയത്. 12 പന്തില്‍ 11 റണ്‍സ് മാത്രമായിരുന്നു ധോണിയുടെ സമ്പാദ്യം. ക്രിക്കറ്റ് മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് സാധാരണമാണ്. എന്നാല്‍, എല്ലാ അതിരുകളും ലംഘിക്കുന്നതാണ് സിവയ്ക്കെതിരെ നടന്നിരിക്കുന്നത്.

Share this story