സൂപ്പർ ഓവറിൽ സൂപ്പറായി കൊൽക്കത്ത; സൺ റൈസേഴ്‌സിന് ഞെട്ടിക്കുന്ന തോൽവി

സൂപ്പർ ഓവറിൽ സൂപ്പറായി കൊൽക്കത്ത; സൺ റൈസേഴ്‌സിന് ഞെട്ടിക്കുന്ന തോൽവി

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ഇരു ടീമുകളുടെയും സ്‌കോർ തുല്യമായപ്പോൾ സൂപ്പർ ഓവറിലാണ് വിജയിയെ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കൊൽക്കത്ത നേടിയത് 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ്. രണ്ടാമത് ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ ഇതേ സ്‌കോറിലൊതുങ്ങിയതോടെയാണ് സൂപ്പർ ഓവർ വേണ്ടി വന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്‌സിന് ആദ്യ മൂന്ന് പന്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ട് റൺസാണ് നേടാനായത്. കൊൽക്കത്ത ഇത് വിക്കറ്റ് നഷ്ടമില്ലാതെ തന്നെ മൂന്ന് റൺസ് നേടുകയും വിജയി ആകുകയുമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്ക് വേണ്ടി ശുഭം ഗിൽ 36 റൺസെടുത്തു. രാഹുൽ ത്രിപാഠി 23 റൺസിനും നിതീഷ് റാണ 29 റൺസിനും വീണു. ഇയാൻ മോർഗൻ 34 റൺസെടുത്ത് പുറത്തായി. ദിനേശ് കാർത്തിക് 14 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിനായി ബെയിര്‍‌സ്റ്റോ 36 റൺസും വില്യംസൺ 29 റൺസുമെടുത്തു. ഡേവിഡ് വാർണർ 47 റൺസുമായി പുറത്താകാതെ നിന്നു. അബ്ദുൽ സമദ് 23 റൺസെടുത്തു.

Share this story