തകര്‍പ്പന്‍ തിരിച്ചുവരവ്, ഹൈദരാബാദിനെതിരേ പഞ്ചാബിന് നാടകീയ വിജയം

തകര്‍പ്പന്‍ തിരിച്ചുവരവ്, ഹൈദരാബാദിനെതിരേ പഞ്ചാബിന് നാടകീയ വിജയം

ദുബായ്: ഐപിഎല്ലില്‍ കാണികളെ ത്രില്ലടിപ്പിക്കുന്ന പതിവ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണയും തെറ്റിച്ചില്ല. നേരത്തേ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ കളഞ്ഞുകുളിച്ച പഞ്ചാബ് പക്ഷെ ഇത്തവണ തോല്‍ക്കുമായിരുന്ന മല്‍സരമാണ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ജയിച്ചു കയറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിന് പഞ്ചാബ് വീഴ്ത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

127 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഹൈദരാബാദിന് മുന്നില്‍ വച്ചപ്പോള്‍ പഞ്ചാബിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച പഞ്ചാബ് ഹൈദരാബാദിനെ ഒരു പന്ത് ബാക്കിനില്‍ക്കെ 114 റണ്‍സിനു പിടിച്ചുകെട്ടി. 6.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെന്ന നിലയില്‍ കുതിച്ച ഹൈദരാബാദ് പിന്നീട് അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 58 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റുകളും ഹൈദരാബാദിന് നഷ്ടമാവുകയായിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണര്‍ (35), വിജയ് ശങ്കര്‍ (26), ജോണി ബെയര്‍സ്‌റ്റോ (19), മനീഷ് പാണ്ഡെ (15) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത അര്‍ഷ്ദീപ് സിങും ക്രിസ് ജോര്‍ഡനുമാണ് പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്.നേരത്തേ ഉജ്ജ്വല ബൗളിങിലൂടെ പഞ്ചാബ് ബാറ്റിങ് നിരയെ ഹൈദരാബാദ് വരിഞ്ഞുമുറുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബിന് ഏഴു വിക്കറ്റിന് 126 റണ്‍സെടുക്കാനേ പഞ്ചിബാനായുള്ളൂ. പഞ്ചാബ് നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. പഞ്ചാബ് നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. നിക്കോളാസ് പൂരന്‍ (28*), നായകന്‍ കെഎല്‍ രാഹുല്‍ (27), ക്രിസ് ഗെയ്ല്‍ (20) എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്തിയുള്ളൂ. മന്‍ദീപ് സിങ് (17), ഗ്ലെന്‍ മാക്‌സ്വെല്‍ (12), ദീപക് ഹൂഡ (0), ക്രിസ് ജോര്‍ഡന്‍ (7), മുരുഗന്‍ അശ്വിന്‍ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടു വിക്കറ്റ് വീതമെടുത്ത സന്ദീപ് ശര്‍മ, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബ് ബാറ്റിങ് നിരയ്ക്കു കൂട്ടുവിലങ്ങിട്ടത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് രണ്ടു പേരെ പുറത്താക്കിയത്.

കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കു കാരണം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ കളിച്ചില്ല. പകരം മന്‍ദീപ് സിങ് ടീമിലെത്തി. ജെയിംസ് നീഷാമിനു പകരം ക്രിസ് ജോര്‍ഡനും ഇറങ്ങി.

രാഹുല്‍-മന്‍ദീപ് ഓപ്പണര്‍മാര്‍

മിന്നുന്ന ഫോമിലുള്ള മായങ്കിന്റെ അഭാവത്തില്‍ മന്‍ദീപ് സിങാണ് രാഹുലിനൊപ്പം പഞ്ചാബിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. മോശമല്ലാത്ത തുടക്കവും ഇരുവരും ചേര്‍ന്ന് ടീമിനു നല്‍കി. ആദ്യ വിക്കറ്റില്‍ 37 റണ്‍സ് ഇരുവരും നേടി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ മന്‍ദീപിനെ പുറത്താക്കി സന്ദീപ് ശര്‍മ ഹൈദരാബാദിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കി. ഡീപ്പ് സ്‌ക്വയര്‍ ലെഗ്ഗില്‍ റാഷിദ് ഖാനാണ് മികച്ചൊരു ക്യാച്ചിലൂടെ മന്‍ദീപിനെ മടക്കിയത്. സന്ദീപിന്റെ 100ാമത് ഐപിഎല്‍ വിക്കറ്റായിരുന്നു ഇത്.

ഗെയ്ല്‍, രാഹുല്‍ തുടരെ പുറത്ത്

രാഹുസും ക്രിസ് ഗെയ്‌ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 29 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിക്കവെയാണ് പഞ്ചാബിന് ഇരട്ടപ്രഹരം നേരിട്ടത്. 10ാം ഓവറിലെ അവസാന പന്തില്‍ 20 റണ്‍സെടുത്ത ഗെയ്ല്‍ പുറത്തായി. ജാസണ്‍ ഹോള്‍ഡറുടെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗെയ്‌ലിനെ ലോങ്ഓഫില്‍ നായകന്‍ വാര്‍ണര്‍ പിടികൂടി.

ഈ ആഘാതം മാറും മുമ്പ് തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ രാഹുലും പുറത്ത്. റാഷിദ് ഖാനായിരുന്നു പഞ്ചാബിനെ സ്തബ്ധരാക്കിയത്. ഓഫ് സൈഡിലേക്കു ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച രാഹുലിനു ടൈമിങ് പിഴച്ചപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു.

മാക്‌സ്വെല്‍, ഹൂഡ

ഗെയ്‌ലും രാഹുലും പുറത്തായതോടെ പഞ്ചാബിന്റെ സ്‌കോറിങിന്റെ വേഗത മന്ദഗതിയിലായി. മികച്ച ബൗളിങിലൂടെ ഹൈദരാബാദ് പഞ്ചാബിനെ വരിഞ്ഞുകെട്ടി. നിക്കോളാസ് പൂരന്‍- ഗ്ലെന്‍ മാക്‌സ്വെല്‍ ജോടി പഞ്ചാബിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 12 റണ്‍സ് മാത്രമെടുത്ത് മാക്‌സി മടങ്ങി. 14ാം ഓവറിലെ നാലാമത്തെ പന്തില്‍ സന്ദീപ് ശര്‍മയുടെ ബൗളിങില്‍ അദ്ദേഹത്തെ വാര്‍ണര്‍ ലോങ്ഓണില്‍ പിടികൂടി.

തൊട്ടടുത്ത ഓവറില്‍ പുതുതായി ക്രീസിലെത്തിയ ദീപക് ഹൂഡ അക്കൗണ്ട് തുറക്കാനാവാതെ രണ്ടാമത്തെ പന്തില്‍ പുറത്തായി. റാഷിദിന്റെ ഓവറില്‍ ക്രീസിന് പുറത്തേക്കു നിന്നു ഷോട്ടിനു ശ്രമിച്ച ഹൂഡയെ ബെയര്‍സ്‌റ്റോ സ്റ്റംപ് ചെയ്യുകയായിരുന്നു.

Share this story