ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം പിഴച്ചു, കൃഷ്ണയുടെ ഗോളില്‍ എടിക്കെ നേടി

Share with your friends

ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ വിജയത്തോടെ തുടങ്ങുകയെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. ഗോവയിലെ ബാംബോലിനിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെ മോഹന്‍ ബഗാനോടു മഞ്ഞപ്പട പൊരുതി വീഴുകയായിരുന്നു. ഗോള്‍ രഹിതമായ ഒന്നാം പകുതിക്കു ശേഷം 67ാം മിനിറ്റില്‍ ഫിജി ഗോള്‍ മെഷീന്‍ റോയ് കൃഷ്ണ നേടിയ ഗോളാണ് മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്.

പുതിയ കോച്ചിനു കീഴില്‍, പുതിയ ലുക്കില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പൊസെഷന്‍ ഗെയിം കളിച്ച മഞ്ഞപ്പട രണ്ടാം പകുതിയില്‍ പലപ്പോഴും എടിക്കെയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ആദ്യ പകുതി തീര്‍ത്തും വിരസമായി മാറിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇരുടീമും വീറുറ്റ പ്രകടനം കാഴ്ചവച്ചു. പന്തടക്കത്തിലും പാസുകളിലുമെല്ലാം എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് മഞ്ഞപ്പട പുറത്തെടുത്തത്.

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെടുന്നു

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പിറകിലായി പോവേണ്ടതായിരുന്നു. എന്നാല്‍ റോയ് കൃഷ്ണയുടെ വലിയൊരു മിസ്സ് മഞ്ഞപ്പടയ്ക്കു ആശ്വാസമായി. കഴിഞ്ഞ സീസണിലെ കൃഷ്ണയായിരുന്നെങ്കില്‍ ഇങ്ങനെയൊരു അവസരം ലഭിച്ചാല്‍ മിസ്സ് ആക്കില്ലായിരുന്നു.

ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് നേരെ കൃഷ്ണ്ക്കാണ് ലഭിച്ചത്. പക്ഷെ ബോക്‌സനികത്ത് വച്ച് താരത്തിന് വലയിലേക്കു ഷോട്ട് തൊടുക്കാനായില്ല.

കൃഷ്ണയ്ക്കു വീണ്ടും അവസരം

34ാം മിനിറ്റില്‍ കൃഷ്ണയ്ക്കു എടിക്കെയെ മുന്നിലെത്തിക്കാന്‍ വീണ്ടും അവസരം. പക്ഷെ ഇത് ആദ്യത്തേതു പോലെ ഉറപ്പായും ഗോളാവേണ്ട അവസരമായിരുന്നില്ല. മധ്യനിരയില്‍ നിന്നും ഹാല്‍ഡല്‍ നീട്ടി നല്‍കിയ പന്തുമായി കുതിച്ച കൃഷ്ണ ബോക്‌സിന് തൊട്ടിരികില്‍ വച്ച് ലോങ്‌റേഞ്ചര്‍ തൊടുത്തു. എന്നാല്‍ ഇത് ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്ന് പോയതോടെ ബ്ലാസ്‌റ്റേഴ്‌സിനു ശ്വാസം നേരെ വീണു.

ഓ സഹല്‍…

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോള്‍ ദാഹത്തോടെ ആക്രമിച്ചു കളിച്ചത്. രണ്ടാം പകുതിയാരംഭിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഓപ്പണ്‍ ചാന്‍സ് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നഷ്ടപ്പെടുത്തി.

ഇടതു വിങില്‍ നിന്നും ജെസ്സല്‍ അളന്നു മുറിച്ചു നല്‍കിയ ക്രോസ് എടിക്കെയ്ക്കു ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത് ലാന്‍ഡ് ചെയ്തത് സഹലിന്റെ പക്കല്‍. തൊട്ടരികിലൊന്നും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഗോളിനു ശ്രമിച്ച സഹലിനു ടൈമിങ് പിഴച്ചു നിയന്ത്രണം വിട്ട് സഹല്‍ ഗ്രൗണ്ടില്‍ വീണപ്പോള്‍ പന്ത് ‘അതിന്റെ വഴിക്കു’ പോവുകയും ചെയ്തു.

വീണ്ടും വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. ഇരുവിങുകളിലൂടെയും മഞ്ഞക്കുപ്പായക്കാര്‍ പറന്നു നടന്നു കളിച്ചു. ഇതോടെ എടിക്കെ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി.

66ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് എടിക്കെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. എന്നാല്‍ ഗോളിയുടെ സേവ് എടിക്കെയ്ക്കു തുണയായി. ഇടതു വിങില്‍ നിന്നും സെയ്ത്യാസെന്‍ ബോക്‌സിനകത്തേക്കു നല്‍കിയ ക്രോസ് ഗോളി മുന്നോട്ട് കയറി കുത്തിയകറ്റി.

ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടി, എടിക്കെ മുന്നില്‍

ബ്ലാസ്‌റ്റേഴ്‌സ് കളം വാണ് ഗോള്‍ നേടുമെന്ന സൂചനകള്‍ നല്‍കവെയായിരുന്നു 67ാം മിനിറ്റില്‍ കൃഷ്ണയുടെ ഗോളില്‍ ചാംപ്യന്മാര്‍ അക്കൗണ്ട് തുറന്നത്. കളിയുടെ ഗതിക്ക് വിപരീതമായിരുന്നു ഈ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിനു വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍.

മന്‍വീര്‍ ബോക്‌സിനകത്തേക്കു ചെത്തിയിട്ട പന്ത് ക്ലിയന്‍ ചെയ്യാന്‍ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ശ്രമിച്ചെങ്കിലും ശ്രമം പാളി. തക്കം പാര്‍ത്തു നിന്ന കൃഷ്ണ ബോക്‌സിനകത്തേക്കു ചാട്ടുളി കണക്കെ പാഞ്ഞെത്തി ഇടംകാല്‍ കൊണ്ടു തൊടുത്ത ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-