മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്‌കോർ; 329ന് ഓൾ ഔട്ട്

മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്‌കോർ; 329ന് ഓൾ ഔട്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾ ഔട്ടായി. ഒരു ഘട്ടത്തിൽ നാനൂറിനടുത്ത് റൺസ് സ്‌കോർ ചെയ്യുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ ശിഖർ ധവാൻ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്.

സ്വപ്‌നതുല്യമായ തുടക്കമാണ് ഓപണർമാർ ഇന്ത്യക്ക്് നൽകിയത്. 14.4 ഓവറിൽ 103 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്. 37 പന്തിൽ 37 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. സ്‌കോർ 117ൽ 67 റൺസെടുത്ത ധവാനും വീണു. 56 പന്തിൽ പത്ത് ഫോറടക്കമാണ് ധവാൻ 67 എടുത്തത്

കോഹ്ലി ഏഴ് റൺസിനും രാഹുൽ ഏഴ് റൺസിനും വീണതോടെ ഇന്ത്യ 4ന് 157 എന്ന നിലയിലായി. ഇവിടെ നിന്ന് ഒരുമിച്ച പന്തും ഹാർദികും ചേർന്നാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോറിലേക്ക് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് 73 പന്തിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

62 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 78 റൺസെടുത്ത പന്താണ് ആദ്യം പുറത്തായത്. ഹാർദിക് 44 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റൺസെടുത്തു പുറത്തായി. കൃനാൽ പാണ്ഡ്യ 25 റൺസും ഷാർദൂൽ താക്കൂർ 30 റൺസുമെടുത്തു.

Share this story