വിജയത്തോടെ തുടങ്ങി കൊളംബിയ; പൊരുതി വീണ് ഇക്വഡോര്‍

വിജയത്തോടെ തുടങ്ങി കൊളംബിയ; പൊരുതി വീണ് ഇക്വഡോര്‍

കോപ്പാ അമേരിക്കയില്‍ വിജയത്തോടെ തുടങ്ങി കൊളംബിയ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇക്വഡോറിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയയുടെ ജയം. എഡ്വിന്‍ കാര്‍ഡോണയുടെ ഗോളിലാണ് കൊളംബിയ ഗ്രൂപ്പ് എയില്‍ വിജയം സ്വന്തമാക്കിയത്. ജയത്തോടെ നിര്‍ണ്ണായകമായ മൂന്ന് പോയിന്റും കൊളംബിയ അക്കൗണ്ടിലാക്കി.

ഇരു ടീമും 4-4-2 ഫോര്‍മേഷന്‍ പിന്തുടര്‍ന്നു.മിഗ്യൂയല്‍ ബോര്‍ജയും റാഫേല്‍ ബോറെയും കൊളംബിയയുടെ മുന്നേറ്റത്തെ നയിച്ചപ്പോള്‍ ഇന്നീര്‍ വലന്‍സിയ,മൈക്കല്‍ എസ്റ്റാര്‍ഡ എന്നിവരാണ് ഇക്വഡോറിന്റെ മുന്നേറ്റത്തെ നിയന്ത്രിച്ചത്. കൊളംബിയന്‍ നിരയില്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന് ഇടം ലഭിച്ചില്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കൊളംബിയയെ അതേ നാണയത്തില്‍തന്നെയാണ് ഇക്വഡോര്‍ നേരിട്ടത്.

ഇരു ടീമും ആക്രമണത്തിലൂന്നിത്തന്നെ മുന്നേറിയതോടെ മികച്ച പോരാട്ടം തന്നെ കണ്ടു. ഏഴാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരത്തെ ഗോളാക്കി മാറ്റുന്നതില്‍ ഇക്വഡോര്‍ നായകന്‍ വലന്‍സിയയ്ക്ക് സാധിച്ചില്ല. ആദ്യ പകുതിയില്‍ 13 ഫ്രീ കിക്ക് കൊളംബിയയും 12 ഫ്രീകിക്ക് ഇക്വഡോറുമെടുത്തു. മൂന്ന് കോര്‍ണര്‍ ഇക്വഡോറിന് അനുകൂലമായി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും മുന്നിട്ട് നില്‍ക്കാന്‍ കൊളംബിയക്കായി.

39ാം മിനുട്ടില്‍ കൊളംബിയന്‍ താരം ബോര്‍ജയുടെ ഹെഡ്ഡര്‍ ഇക്വഡോര്‍ പോസ്റ്റിന് മുകളിലൂടെ പോയി. 41ാം മിനുട്ടില്‍ മത്സരത്തിന്റെ വിധിയെഴുതിയ ഗോള്‍ പിറന്നു.ഫ്രീകിക്കിലൂടെ ലഭിച്ച പാസിനെ ലക്ഷ്യം പിഴക്കാതെ വലയിലെത്തിക്കാന്‍ എഡ്വിന്‍ കാര്‍ഡോണയ്ക്കായി. റഫറി ഗോള്‍ ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാര്‍ പരിശോധനയ്‌ക്കൊടുവില്‍ ഗോള്‍ അനുവദിക്കുകയായിരുന്നു.

ലീഡോടെ രണ്ടാം പകുതിയില്‍ ഇറങ്ങിയ കൊളംബിയയെ ഞെട്ടിപ്പിക്കുന്ന ആധിപത്യമാണ് ഇക്വഡോര്‍ സ്ഥാപിച്ചത്. ആക്രമണം അഴിച്ചുവിട്ട ഇക്വഡോര്‍ രണ്ടാം പകുതിയില്‍ എട്ട് തവണ കൊളംബിയയുടെ ഗോള്‍മുഖത്ത് ആക്രമിച്ചു. 69 ശതമാനം പന്തടക്കത്തിലും ഇക്വഡോര്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഭാഗ്യം ടീമിനെ ഒട്ടും പിന്തുണച്ചില്ല. റോഡ്രിഗസിന്റെ അഭാവം കൊളംബിയയുടെ മുന്നേറ്റത്തില്‍ പ്രകടനമായിരുന്നു.

ഇക്വഡോറിന്റെ ഗോള്‍മടക്കാനുള്ള ശ്രമങ്ങളയെല്ലാം മികച്ച പ്രതിരോധത്തിലൂടെ കൊളംബിയ ചെറുത്തു. 51ാം മിനുട്ടില്‍ ഇക്വഡോറിന്റെ എസ്റ്റുപിനിയാന്റെ ഫ്രീകിക്ക് മനോഹരമായി കൊളംബിയന്‍ ഗോളി ഓസ്പിന തട്ടിയകറ്റി. അവസാന നിമിഷം വരെ സമനിലയ്ക്കായി ഇക്വഡോര്‍ പൊരുതിനോക്കിയെങ്കിലും കൊളംബിയയുടെ പ്രതിരോധ കോട്ടയെ മറികടക്കാനായില്ല.

Share this story