ജയം തുടരാന്‍ ഇംഗ്ലണ്ട്; ആദ്യ ജയം തേടി ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെതിരേ

ജയം തുടരാന്‍ ഇംഗ്ലണ്ട്; ആദ്യ ജയം തേടി ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെതിരേ

യൂറോ കപ്പ് 2021ല്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ സ്ലൊവാക്യയേയും 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. ജയം തുടരാനുറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണത്തിലാണ് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഇറങ്ങുന്നത്. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാവും.

ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് സ്ലോവാക്യ സ്വീഡനെ നേരിടുന്നത്. അതേ സമയം ഗ്രൂപ്പിലെ കരുത്തരായ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് സ്വീഡന്‍ ഇറങ്ങുന്നത്. രണ്ട് ടീമും അത്ഭുതങ്ങള്‍ കാട്ടാന്‍ കരുത്തുള്ളവരാണ്. തോല്‍വി അറിയാതെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വീഡനായി. സ്ലോവാക്യയും അവസാനം കളിച്ച ആറ് മത്സരത്തിലും തോല്‍വി അറിഞ്ഞിട്ടില്ല. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന മത്സരത്തില്‍ ഇരു ടീമും 1-1 സമനിലയിലാണ് പിരിഞ്ഞത്.

ക്രൊയേഷ്യക്ക് തുടക്കം അപ്രതീക്ഷിത തോല്‍വിയോടെയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യ തോറ്റത്. അതിനാല്‍ത്തന്നെ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെതിരായ ജയം ക്രൊയേഷ്യക്ക് നിര്‍ണ്ണായകമാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമെന്ന ക്രൊയേഷ്യയുടെ റെക്കോഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ഫിഫ റാങ്കിങ്ങില്‍ 40ാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യയെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ള നിരയാണ്.

ക്രൊയേഷ്യക്കൊപ്പം ലൂക്കാ മോഡ്രിച്ച്,ഇവാന്‍ പെരിസിച്ച്,കൊവാസിച്ച്,റെബിക്ക് തുടങ്ങി മികച്ച താരനിരയുള്ളതിനാല്‍ കണക്കുകളില്‍ അല്‍പ്പം മുന്‍തൂക്കം ക്രൊയേഷ്യക്കുണ്ട്. അവസാനം കളിച്ച രണ്ട് മത്സരത്തിലും ക്രൊയേഷ്യ തോറ്റു. അതേ സമയം രണ്ട് ജയമാണ് ചെക്ക് റിപ്പബ്ലിക്ക് നേടിയത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 2-2സമനിലയിലാണ് ഇരു ടീമും പിരിഞ്ഞത്.

ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിന് വലിയ ഭീഷണി ഉയര്‍ത്താന്‍ സ്‌കോട്‌ലന്‍ഡിന് സാധിക്കുമെന്ന് കരുതുന്നില്ല. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌കോട്ട്‌ലന്‍ഡ് തോറ്റത്. തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഹാരി കെയ്ന്‍,റഹിം സ്‌റ്റെര്‍ലിങ്, ഫോഡന്‍, ട്രിപ്പിയര്‍, റാഷ്‌ഫോര്‍ഡ് തുടങ്ങിയ മികച്ച താരനിര ഇംഗ്ലണ്ടിനൊപ്പമുണ്ട്. അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത് 2017ലാണ്. അന്ന് 2-2 സമനില പിടിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിനായിരുന്നു.

Share this story