നെതര്‍ലാന്‍ഡ്‌സിനും ബെല്‍ജിയത്തിനും രണ്ടാം ജയം; പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി

നെതര്‍ലാന്‍ഡ്‌സിനും ബെല്‍ജിയത്തിനും രണ്ടാം ജയം; പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി

ഇറ്റലിക്കു പിന്നാലെ മറ്റു രണ്ടു വമ്പന്‍ ടീമുകള്‍ കൂടി 2021 യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. ഗ്രൂപ്പ് ബിയില്‍ നിന്നു ബെല്‍ജിയവും സിയില്‍ നിന്നു നെതര്‍ലാന്‍ഡ്‌സുമാണ് അവസാന 16ലെത്തിയത്. ഗ്രൂപ്പ് സിയിലെ മറ്റൊരു കളിയില്‍ നോര്‍ത്ത് മാസിഡോണിയയെ 2-1നു തോല്‍പ്പിച്ച് ഉക്രെയ്ന്‍ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ കാത്തു.

ആവേശകരമായ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെയാണ് ബെല്‍ജിയം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബെല്‍ജിയം രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് വിജയം കൊയ്തത്. തോര്‍ഗന്‍ ഹസാര്‍ഡ് (55ാം മിനിറ്റ്), കെവിന്‍ ഡിബ്രുയ്‌ന (70) എന്നിവരാണ് സ്‌കോറര്‍മാര്‍. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ യൂസുഫ് പോള്‍സന്‍ ഡാനിഷ് ടീമിനു ലീഡ് നേടിക്കൊടുത്തിരുന്നു. ഓസ്ട്രിയക്കെതിരേ മെംഫിസ് ഡിപ്പേ (11ാം മിനിറ്റ്), ഡെന്‍സെല്‍ ഡംഫ്രൈസ് (67) എന്നിവരുടെ ഗോളുകളാണ് ഓറഞ്ചുപടയ്ക്കു മികച്ച വിജയം സമ്മാനിച്ചത്.

ഓസ്ട്രിയക്കെതിരേ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ഡച്ച് ടീം ജയിക്കുകയറിയത്. അവസാന മിനിറ്റുകളില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ നെതര്‍ലാന്‍ഡ്‌സിനു കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ ഓസ്ട്രിയക്കായില്ല. ആദ്യ വിസില്‍ മുതല്‍ പന്ത് കൈയടക്കി വച്ച ഡച്ച് ടീം ഓസ്ടിയയെ പ്രതിരോധത്തിലാക്കി. 11ാം മിനിറ്റില്‍ത്തന്നെ പെനല്‍റ്റിയുടെ രൂപത്തില്‍ ഓറഞ്ചു പട മുന്നിലെത്തുകയും ചെയ്തു. ഡംഫ്രൈസിനെ ഓസ്ട്രിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് അലാബ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി തീരുമാനമെടുത്തത്. ഡിപ്പേ പെനല്‍റ്റി അനായാസം വലയ്ക്കുള്ളിലാക്കുകയും ചെയ്തു.
24ാം മിനിറ്റില്‍ ഡിപ്പേയ്ക്കു ലീഡുയര്‍ത്താന്‍ അവസരം. അലാബയില്‍ നിന്നും ബോള്‍ തട്ടിയെടുത്ത ഡിപ്പേ വലയുടെ വലതുമൂലയിലേക്കു വോളി പരീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്കുപറന്നു. 40ാം മിനിറ്റില്‍ മറ്റൊരു ഗോളവസരം ഡച്ച് നഷ്ടപ്പെടുത്തി. ഇത്തവണയും ഡിപ്പേയാണ് ക്രോസ് ബാറിനു മുകളിലൂടെ പന്ത് പുറത്തേക്കടിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോള്‍ശ്രമം പോലും ഓസ്ട്രിയന്‍ ടീമില്‍ നിന്നുണ്ടായില്ല.

രണ്ടാം പകുതിയിലും കളി നിയന്ത്രിച്ചത് ഓറഞ്ചുകുപ്പായക്കാരായിരുന്നു. ആദ്യ മല്‍സരത്തിലൂടെ തന്നെ താരപദവിയിലേക്കുയര്‍ന്ന ഡിഫന്‍ഡന്‍ ഡംഫ്രൈസ് ഈ കളിയിലും മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ചടുലമായ നീക്കങ്ങള്‍ ഓസ്ട്രിയന്‍ ടീമിന് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. 67ാം മിനിറ്റില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ച് ഡച്ച് സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഡിപ്പേ കൈമാറിയ ബോള്‍ വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ ഡംഫ്രൈസിനുണ്ടായിരുന്നുള്ളൂ. 81ാം മിനിറ്റിലായിരുന്നു ഓസ്ട്രിയ ഗോളിലേക്കു ആദ്യത്തെ മുന്നേറ്റം നടത്തിയത്. എന്നാല്‍ അലാബ പരീക്ഷിച്ച കരുത്തുറ്റ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. 84ാം മിനിറ്റില്‍ ഓസ്ട്രിയയുടെ മറ്റൊരു ഗോള്‍ശ്രമവും ലക്ഷ്യത്തിലെത്തിയില്ല. ഒനീസിവോയുടെ ഹെഡ്ഡര്‍ ഡച്ച് ഗോളി സ്‌റ്റെകലന്‍ബെര്‍ഗിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, കരുത്തരായ ബെല്‍ജിയത്തിനെതിരേ സ്വപ്‌നതുല്യമായിരുന്ന സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡാനിഷ് ടീമിന്റെ തുടക്കം. രണ്ടാം മിനിറ്റില്‍ തന്നെ ബെല്‍ിയത്തെ സ്തബ്ധരാക്കി ഡെന്‍മാര്‍ക്ക് അക്കൗണ്ട് തുറന്നു. ബെല്‍ജിയം പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനു പുറത്തു വച്ച് ഡിഫന്‍ഡറുടെ ലൂസ് പാസ് പിടിച്ചെടുത്ത ഹോയ്‌ബെര്‍ഗ് ഇതു പോള്‍സനു കൈമാറി. ബോക്‌സിനുള്ളില്‍ നിന്നും താരം തൊടുത്ത ഷോട്ട് വലയുടെ ഇടതു മൂലയില്‍ കയറുമ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.
തുടര്‍ന്നും ഡാനിഷ് ടീമായിരുന്നു കളിയില്‍ മികച്ചുനിന്നത്. ബെല്‍ജിയം ഇടയ്ക്കു ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളിലേക്കെത്തിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ഡിബ്രുയ്‌ന വന്നതോടെയാണ് ബെല്‍ജിയത്തിന്റെ കളി മാറിയത്. 54ാം മിനിറ്റില്‍ ബെല്‍ജിയം സമനില കണ്ടെത്തുകയും ചെയ്തു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റൊമേലു ലുക്കാക്കു ബോക്‌സിനരികില്‍ നിന്നും ഡിബ്രുയ്‌നയ്ക്കു നല്‍കിയ ബോള്‍ അദ്ദേഹം ഹസാര്‍ഡിന് പാസ് ചെയ്തു. ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ഹസാര്‍ഡ് ബോള്‍ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

70ാം മിനിറ്റില്‍ ഡിബ്രുയ്‌ന ബെല്‍ജിയിന്റെ വിജയഗോളും കണ്ടെത്തി. ലുക്കാക്കു, ടിയെല്‍മെന്‍സ്, ഈദന്‍ ഹസാര്‍ഡ് എന്നിവര്‍ ചേര്‍ന്നു നടത്തിയ മികച്ച നീക്കത്തിനൊടുവില്‍ ലഭിച്ച പാസ് ഡിബ്രുയ്‌നഗോളി ഷ്‌മൈക്കലിനെ കബളിപ്പിച്ച് വേഗം കുറഞ്ഞ ഷോട്ടിലൂടെ വലയിലേക്കു പായിച്ചു. സമനില ഗോളിനായി ഡെന്‍മാര്‍ക്ക് ചില മുന്നേറ്റങ്ങള്‍ തുടര്‍ന്ന് നടത്തി. 87ാം മിനിറ്റില്‍ ക്രോസ് ബാര്‍ ബെല്‍ജിയത്തെ രക്ഷിച്ചു. ഓല്‍സണിന്റെ ക്രോസില്‍ നിന്നും ബ്രാത്വെയ്റ്റിന്റെ മിന്നുന്ന ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

Share this story