സ്‌പെയിനിൻ്റെ എതിരാളി പോളണ്ട്; പോര്‍ച്ചുഗലും ജര്‍മനിയും മുഖാമുഖം

Share with your friends

യൂറോ കപ്പ് 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഹംഗറിയെ നേരിടുമ്പോള്‍ 9.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ പോളണ്ടിനെയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.

ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് എത്തുന്നത്. ഹംഗറിയാവട്ടെ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തു. നിലവിലെ ഫോം പ്രകാരം ഫ്രാന്‍സ് വമ്പന്‍ ജയം തന്നെ നേടിയേക്കും. പോള്‍ പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്‍, എന്‍ഗോളോ കാന്റെ,കരിം ബെന്‍സേമ, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ വലിയ താരനിര തന്നെ ഫ്രാന്‍സിനൊപ്പമുണ്ട്. ഒരു ഗോള്‍ പോലും വഴങ്ങാതെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.2005ലാണ് അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് 2-1ന് ജയം ഫ്രാന്‍സിനായിരുന്നു.

പോര്‍ച്ചുഗല്‍-ജര്‍മനി മത്സരം ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുറപ്പ്. തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കും. നിലവിലെ ഫോമില്‍ പോര്‍ച്ചുഗലിന് അല്‍പ്പം മുന്‍തൂക്കം നല്‍കാമെങ്കിലും ജോച്ചിം ലോയുടെ ശിഷ്യന്മാര്‍ നിസാരക്കാരല്ല. ആദ്യ മത്സരത്തില്‍ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി തിളങ്ങുകയും ചെയ്തിരുന്നു. അതേ സമയം ഫ്രാന്‍സിനോട് 1-0ന് തോറ്റ ക്ഷീണത്തിലെത്തുന്ന ജര്‍മനിക്ക് ഇന്നത്തെ ജയം പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ നിര്‍ണ്ണായകമാണ്. മരണഗ്രൂപ്പ് എന്ന തന്നെ വിളിക്കാവുന്ന എഫില്‍ നിന്ന് ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുക ആരെന്ന് കണ്ടറിയണം.അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത് 2014ലാണ്. അന്ന് എതിരില്ലാത്ത നാല് ഗോളിന് ജയം ജര്‍മനിക്കായിരുന്നു. കളിക്കണക്കുകളില്‍ ജര്‍മനിക്ക് പോര്‍ച്ചുഗലിനെതിരേ മുന്‍തൂക്കം അവകാശപ്പെടാനാവും.

അതേ സമയം ഗ്രൂപ്പ് ഇയില്‍ സ്‌പെയിനെ കാത്തിരിക്കുന്നത് പോളണ്ടാണ്. ആദ്യ മത്സരത്തില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയ സ്‌പെയിന് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ സ്ലോവാക്യയയോട് തോറ്റ പോളണ്ടിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ജയിക്കണം. ലെവന്‍ഡോസ്‌കിയിലാണ് പോളണ്ട് പ്രതീക്ഷവെക്കുന്നത്. 2010ലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് എതിരില്ലാത്ത ആറ് ഗോളിന് പോളണ്ടിനെ സ്‌പെയിന്‍ തോല്‍പ്പിച്ചിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-