രക്ഷകനായി മാര്‍ട്ടിനെസ്; ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലില്‍

രക്ഷകനായി മാര്‍ട്ടിനെസ്; ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലില്‍

ആവേശം ഷൂട്ടൗട്ടിലേക്ക് നീണ്ട കോപ്പാ അമേരിക്ക രണ്ടാം സെമി ഫൈനലില്‍ കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമും 1-1 ഗോള്‍ നേടി സമനില പങ്കിട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുത്തത്.
അര്‍ജന്റീനക്കായി മെസ്സിയും പരീഡെസും മാര്‍ട്ടിനെസും പന്ത് വലയിലെത്തിച്ചപ്പോള്‍ ഡീപോളിന് പിഴച്ചു. കൊളംബിയയെ കുഡ്രാഡോ,ബോര്‍ജെ എന്നിവര്‍ പന്ത് വലയിലാക്കിയപ്പോള്‍ സാഞ്ചസ്,മിനെ,എഡ്വിന്‍ കാര്‍ഡോന എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. മൂന്ന് കിക്കുകളും തടുത്തിട്ട അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ രക്ഷകനായി മാറിയത്.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കൊളംബിയയെ 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന നേരിട്ടത്. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ പന്ത് തട്ടാന്‍ അര്‍ജന്റീനക്കായി. നാലാം മിനുട്ടില്‍ മെസ്സി ലൗട്ടാരോ മാര്‍ട്ടിനെസ് കൂട്ടുകെട്ട് അവസരം പാഴാക്കി. മെസ്സിയുടെ പാസിനെ ഹെഡ്ഡര്‍ ചെയ്ത് വലയിലാക്കാനുള്ള മാര്‍ട്ടിനെസിന്റെ ശ്രമം പിഴച്ചു. എന്നാല്‍ ഏഴാം മിനുട്ടില്‍ അര്‍ജന്റീന ലീഡെടുത്തു. ബോക്‌സില്‍ വെച്ച് കൊളംബിയന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നല്‍കിയ മനോഹര പാസിനെ ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ശക്തമായി പ്രത്യാക്രമണം നടത്തിയ കൊളംബിയക്ക് പലപ്പോഴും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവ് വെല്ലുവിളിയായി. ക്വഡ്രാഡോയുടെ ഷോട്ടിനെ തടുത്ത മാര്‍ട്ടിനെസ് യെരി മില്‍നയുടെ ഹെഡ്ഡറും വലയിലെത്താതെ രക്ഷപെടുത്തി. 44ാം മിനുട്ടില്‍ അര്‍ജന്റീനക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന സേവ് ചെയ്തു. നിക്കോളാസ് ഗോണ്‍സാലസിന്റെ ഹെഡ്ഡറാണ് അദ്ദേഹം തടുത്തിട്ടത്.61ാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് കൊളംബിയ സമനില പിടിച്ചു.കാര്‍ഡോനയുടെ പാസിനെ ലൂയിസ് ഡിയാസാണ് പോസ്റ്റിലെത്തിച്ചത്. രണ്ടാം പകുതിയില്‍ മൂന്ന് ഫ്രീകിക്ക് അവസരം അര്‍ജന്റീനക്ക് ലഭിച്ചു. ഈ മൂന്നെണ്ണവും ഗോളാക്കി മാറ്റുന്നതില്‍ ലയണല്‍ മെസ്സി പരാജയപ്പെട്ടു. അവസാന സമയത്ത് പല മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ലീഡെടുക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.54 ശതമാനം പന്തടക്കത്തിലും 13നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കൊളംബിയ മുന്നിട്ട് നിന്നെങ്കിലും ഭാഗ്യം അര്‍ജന്റീനയെ തുണച്ചു. ഇതോടെ ആരാധകര്‍ കാത്തിരുന്ന ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ പോരാട്ടത്തിനും അവസരമൊരുങ്ങി.

Share this story