11 റൺസിനിടെ 6 വിക്കറ്റുകൾ: ഓസ്‌ട്രേലിയ 197ന് പുറത്ത്, 88 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് പുറത്തായി. നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 41 റൺസ് മാത്രമേ രണ്ടാം ദിനം അവർക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചത്. 12 റൺസിനിടെയാണ് അവസാന ആറ് വിക്കറ്റുകളും ഓസ്‌ട്രേലിയക്ക് നഷ്ടമായത്
ഹാൻഡ്‌സ്‌കോംബും കാമറൂൺ ഗ്രീനും ക്രീസിൽ നിലയുറപ്പിച്ചെന്ന് തോന്നിപ്പിക്കുന്നതിനിടെയാണ് സ്‌കോർ 186ൽ ഹാൻഡ്‌സ്‌കോംബിനെ പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകുന്നത്. തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കി. ഒരോവറിന് ശേഷം ഉമേഷ് യാദവ് വീണ്ടും സ്‌ട്രൈക്ക് ചെയ്തു. മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബൗൾഡ്. അടുത്ത ഓവറിൽ അശ്വിൻ അലക്‌സ് ക്യാരിയെ വിക്കറ്റിന് മുന്നിൽ കുരുക്കി
ടോഡ് മർഫിയെ ഉമേഷ് യാദവ് ക്ലീൻ ബൗൾഡ് ചെയ്തു. പിന്നാലെ അശ്വിൻ മാത്യു കുനെമാനെയും ബൗൾഡ് ചെയ്തതോടെ ഓസ്‌ട്രേലിയ 197ന് പുറത്തായി. ഇന്ത്യക്ക് വേണ്ടി ജഡേജ നാലും അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വീതവും വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്ക് 88 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 109 റൺസിന് പുറത്തായിരുന്നു