പോരാട്ടം അഞ്ചാം ദിവസത്തിലേക്ക് നീട്ടി ബംഗ്ലാദേശ്; ആറ് വിക്കറ്റുകൾ വീണു

india

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മുന്നോട്ടുവെച്ച വിജയലക്ഷ്യമായ 513 റൺസ് പിന്തുടരുന്ന ബംഗ്ലാദേശ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു. നാലാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ്. മത്സരത്തിൽ ഒരു ദിവസം കൂടി ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 241 റൺസ് കൂടി വേണം. എന്നാൽ അവശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി പിഴുത് വിജയം കാണാനാണ് ഇന്ത്യയുടെ ശ്രമം

അനായാസ ജയം സ്വപ്‌നം കണ്ട ഇന്ത്യൻ പ്രതീക്ഷകളെ വെല്ലുവിളിച്ചായിരുന്നു ബംഗ്ലാദേശ് ഓപണർമാരുടെ പ്രകടനം. നജ്മുൽ ഹുസൈനും സാകിർ ഹസനും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 124 റൺസാണ്. 67 റൺസെടുത്ത നജ്മുലിനെ ഉമേഷ് യാദവ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. പിന്നാലെ അഞ്ച് റൺസെടുത്ത യാസിർ അലിയും മടങ്ങി

ലിറ്റൺ ദാസ് 19 റൺസിനും വീണു. മറുവശത്ത് പൊരുതിയ സാകിർ ഹസൻ 224 പന്തിൽ 100 റൺസ് എടുത്തു. അശ്വിനാണ് സാകിറിനെ മടക്കിയത്. മുഷ്ഫിഖർ റഹീം 23 റൺസിനും നൂറുൽ ഹസൻ മൂന്ന് റൺസിനും വീണു. നാലാം ദിനം കളി നിർത്തുമ്പോൾ ഷാക്കിബുൽ ഹസൻ 40 റൺസുമായും മെഹ്ദി ഹസൻ 9 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി അകസർ പട്ടേൽ മൂന്നും അശ്വിൻ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
 

Share this story