ഫിഫ വേൾഡ് കപ്പ് 2022; സൗദി പഴയ സൗദിയല്ല: മെസ്സിയും അര്‍ജന്റീനയും വിയര്‍ത്തേക്കും

SP

ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ലാറ്റിനമേരിക്കന്‍ അതികായന്‍മാരായ അര്‍ജന്റീന ചൊവ്വാഴ്ച ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് സിയില്‍ ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. കടലാസില്‍ ലയണല്‍ മെസ്സിയും സംഘവും ഇതിനകം വിജയമുറപ്പാക്കി കഴിഞ്ഞെങ്കിലും അത്ര എളുപ്പം കീഴടങ്ങാന്‍ തയ്യാറല്ലെന്ന മുന്നറിയിപ്പാണ് സൗദി നല്‍കിയിരിക്കുന്നത്. മെസ്സിയെയും അര്‍ജന്റീനെയും പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാണ് സൗദിയുടെ വരവ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്.

ലോകകപ്പില്‍ ഇതാദ്യമായിട്ടാണ് അര്‍ജന്റീനയും സൗദിയും മുഖാമുഖം വരുന്നത്. നാലു തവണ ഇരുടീമുകളും അന്താരാഷ്ട്ര മല്‍സരങ്ങൡ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടെണ്ണത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയാവുകയും ചെയ്തു.

ചരിത്രം അനുകൂലമല്ല

സൗദി അറേബ്യയെ സംബന്ധിച്ച് ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രം അത്ര അനുകൂലമല്ലെന്നു കാണാം. ലോകകപ്പില്‍ ഇതു ആറാം തവണയാണ് അവര്‍ കളിക്കുന്നത്. നേരത്തേ കളിച്ച അഞ്ചു ലോകകപ്പുകളിലെയും ആദ്യ ഗ്രൂപ്പ് മാച്ചുകളെടുത്താല്‍ നാലിലും അവര്‍ പരാജയപ്പെട്ടിരുന്നു.

2002ല്‍ ജര്‍മനിക്കു മുന്നില്‍ 0-8നാണ് സൗദി മുങ്ങിയത്. 2018ലെ അവസാനത്തെ ലോകകപ്പില്‍ ആതിഥേയരായ റഷ്യയും സൗദിയും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. അന്നു സൗദി 0-5നു കീഴടങ്ങുകയായിരുന്നു.

സൗദി ആകെ മാറി

നാലു വര്‍ഷങ്ങള്‍ക്കു ഇപ്പറം സൗദി അറേബ്യ ഏറെ മാറിയിട്ടുണ്ട്. 'തല്ലുകൊളളികളായ' പഴയ സൗദിയില്‍ നിന്നും അവര്‍ ഏറെ ദൂരം മുന്നിലേക്കു വന്നു കഴിഞ്ഞു. മൂന്നു വര്‍ഷത്തിലേറെയെ സൗദിയെ പരിശീലിപ്പിക്കുന്നത് ഫ്രാന്‍സിന്റെ ഹെര്‍വ് റെനാഡാണ്.

വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരെപ്പോലെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു അനുഭവപ്പെടുന്നത്. ഫുട്‌ബോള്‍ ഇങ്ങനെയാണ്. നിങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാം രസകരമാണ്. ഒരു കൂട്ടം മല്‍സരങ്ങള്‍ നഷ്ടപ്പെടുന്നത് എളുപ്പമായതിനാല്‍ കഠിനമായ പരീക്ഷണങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരിക്കണമെന്നും റെനാഡ് വ്യക്തമാക്കി.

ശക്തമായ പ്രതിരോധം

സൗദി അറേബ്യയുടെ പ്രതിരോധം ഇപ്പോള്‍ വളരെയധികം കെട്ടുറപ്പുള്ളതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 18 മല്‍സരങ്ങളില്‍ 10 ഗോളുകള്‍ മാത്രമേ അവര്‍ വഴങ്ങിയിട്ടുള്ളൂ. 10 സൗഹൃദ മല്‍സരങ്ങളില്‍ വെറും നാലു തവണ മാത്രമേ സൗദി പ്രതിരോധം ഭേദിച്ച് ഗോള്‍ നേടാന്‍ എതിര്‍ ടീമുകള്‍ക്കായിട്ടുള്ളൂ.
എന്നാല്‍ അര്‍ജന്റീനയില്‍ നിന്നും അതിശക്തമായ ആക്രമണം തന്നെ സൗദിക്കു പ്രതീക്ഷിക്കാം. തങ്ങളുടെ പ്രതിരോധനിരയെ സഹായിക്കാന്‍ മധ്യനിരയില്‍ അബ്ദുളള അല്‍ മാല്‍ക്കി, മുഹമ്മദ് കന്നോ എന്നിവര്‍ കൂടിയുണ്ടാവും. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സിന്റെ മിന്നുന്ന ഫോമും സൗദിക്കു പ്രതീക്ഷിക്കാന്‍ വക നല്‍കുന്നുണ്ട്.

Share this story