അയ്യർക്കും ധവാനും ഗില്ലിനും അർധ ശതകം; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

sanju

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുത്തു. അർധ സെഞ്ച്വറികൾ നേടിയ നായകൻ ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വൻ സ്‌കോറിലേക്ക് എത്തിച്ചത്. 

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ധവാനും ഗില്ലും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 50 റൺസെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. ഇതേ സ്‌കോറിൽ നിൽക്കെ 72 റൺസെടുത്ത ധവാനും പുറത്തായി. നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തന്റെ പതിവ് ദയനീയ പ്രകടനം തുടർന്നു. 23 പന്തിൽ 15 റൺസുമായി പന്ത് മടങ്ങി

സൂര്യകുമാർ യാദവ് നാല് റൺസിനും വീണതോടെ ഇന്ത്യ നാലിന് 160 റൺസ് എന്ന നിലയിൽ തകർന്നു. പിന്നീട് ശ്രേയസ്സും സഞ്ജുവും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ 250 കടത്തിയത്. സഞ്ജു 38 പന്തിൽ 36 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദർ കത്തിക്കയറിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. ഇതിനിടെ 76 പന്തിൽ 80 റൺസെടുത്ത ശ്രേയസ്സ് മടങ്ങി. സുന്ദർ 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു.
 

Share this story