ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; ഗുവാഹത്തിയിലേത് റണ്ണൊഴുകും പിച്ച്

rohit

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് 1.30 മുതലാണ് ആദ്യ മത്സരം. ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക. ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിനെ തുണക്കുന്നതാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതുവരെ മൂന്ന് ടി20കളും ഒരു ഏകദിനവും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. രണ്ടാമിന്നിംഗ്‌സിൽ പിച്ച് ബാറ്റിംഗിന് അനുകൂലമാകും എന്നതിനാൽ ടോസ് നേടുന്ന ക്യാപ്റ്റൻ ഫീൽഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ ആകെ നടന്ന ഒരു ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്ത് മുന്നോട്ടുവെച്ച 323 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നിരുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും അന്ന് സെഞ്ച്വറി നേടി

ടി20യിൽ കളിക്കാതിരുന്ന സീനിയർ താരങ്ങൾ ഇന്ന് ടീമിലേക്ക് മടങ്ങിയെത്തും. രോഹിത് ശർമ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, കെഎൽ രാഹുൽ എന്നിവരാണ് മടങ്ങിയെത്തുന്നത്. ശുഭ്മാൻ ഗില്ലാകും രോഹിതിനൊപ്പം ഓപൺ ചെയ്യുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ഇതിലെ അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടത്ത് നടക്കും.
 

Share this story