ഉറുഗ്വേയെ പിടിച്ചുനിര്‍ത്തി കൊറിയ; അക്കൗണ്ട് തുറന്ന് സ്വിസ്

SP

അല്‍ റയാന്‍: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയക്കു സമനിലപ്പൂട്ട്. ഗ്രൂപ്പ് എച്ചില്‍ ഏഷ്യയില്‍ നിന്നുള്ള സൗത്ത് കൊറിയയാണ് ഉറുഗ്വേയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയത്. അതേസമയം, ഗ്രൂപ്പ് ജിയിലെ ആദ്യ മാച്ചില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ജയത്തോടെ തുടങ്ങി. ആഫ്രിക്കയില്‍ നിന്നുള്ള കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിസ് ടീം മറികടന്നത്.

കൊറിയക്കെതിരായ പോരാട്ടത്തില്‍ വിജയഗോള്‍ കുറിക്കാന്‍ പല അവസരങ്ങളും ഉറുഗ്വേയ്ക്കു ലഭിച്ചെങ്കിലും അവ മുതലാക്കാനായില്ല. ഒപ്പം നിര്‍ഭാഗ്യവും അവര്‍ക്കു തിരിച്ചടിയായി. ഇരുപകുതികളിലും ഉറുഗ്വേയുടെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് ഇടതു പോസ്റ്റില്‍ ഇടിച്ചു തെറിച്ചത്. മറുഭാഗത്ത് കൊറിയയും മോശമാക്കിയില്ല. അവര്‍ക്കും മികച്ച ചില അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയേക്കാള്‍ രണ്ടാം പകുതിയിലാണ് കൊറിയ കൂടുതല്‍ അപകടകാരികളായത്.

ഉറുഗ്വേയ്ക്കു മുന്‍തൂക്കം

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഉറുഗ്വേയായിരുന്ന മികച്ച ടീം. കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിക്കുന്നതില്‍ അവര്‍ വിജയിച്ചു. ലോങ് ബോള്‍ ഗെയിമാണ് ഉറുഗ്വേ തുടക്കം മുതല്‍ പരീക്ഷിച്ചത്. കൊറിയന്‍ ബോക്‌സിലേക്ക് നീളന്‍ പാസുകള്‍ തൊടുത്ത് അവര്‍ ലീഡിനായി ശ്രമിച്ചുകൊണ്ടിരുന്നു. കൊറിയയും ലോങ് പാസിങ് ശൈലിയാണ് സ്വീകരിച്ചത്.

ബോള്‍ അധികസമയം കൈവശം വയ്ക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ പന്ത് കിട്ടിയപ്പോഴെല്ലാം അവര്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. പക്ഷെ ആദ്യ 30 മിനിറ്റില്‍ തുറന്ന ഗോളവസരങ്ങള്‍ ഇരുടീമിനും ലഭിച്ചില്ല.

സുവര്‍ണാവസരം തുലച്ചു

മല്‍സരഗതിക്കു വിപരീതമായി ഗോള്‍ നേടാനുള്ള ആദ്യ സുവര്‍ണാവസരം ലഭിച്ചത് സൗത്ത് കൊറിയക്കാണ്. 34ാം മിനിറ്റിലായിരുന്നു ഇത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ വലതു വിങില്‍ നിന്നും ടീമംഗം നല്‍ിയ ക്രോസ് ബോക്‌സിനകത്തു മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഉയ് ജോയുടെ കാലിലേക്കാണ് വന്നത്. മുന്നില്‍ ഗോളി മാത്രം. പക്ഷെ ബോള്‍ നിയന്ത്രിച്ച് വലയിലേക്കു ഷോട്ടുതിര്‍ക്കുന്നതിനു പകരം ജോ അലക്ഷ്യമായി പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും ബോള്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കി.

വില്ലനായി പോസ്റ്റ്

44ാം മിനിറ്റില്‍ ക്യാപ്റ്റനും ഡിഫന്‍ഡറുമായ ഡിയേഗോ ഗോഡിനിലൂടെ ഉറുഗ്വേ കളിയില്‍ മുന്നിലെത്തേണ്ടതായിരുന്നു. പക്ഷെ ഗോള്‍ പോസ്റ്റ് സൗത്ത് കൊറിയയുടെ രക്ഷയ്‌ക്കെത്തി. വാല്‍വെര്‍ഡെയുടെ കോര്‍ണര്‍ കിക്കില്‍ നിന്നും ഗോഡിന്റെ ഹെഡ്ഡര്‍ ഗോളിലേക്കു കൃത്യമായിരുന്നു. പക്ഷെ ബോള്‍ ഇടതു പോസ്റ്റില്‍ ഇടിച്ച് അകത്തേക്കു പോവാതെ പുറത്തേക്കു വന്നതോടെ ഉറുഗ്വേ നിരാശരായി. ഗോള്‍കീപ്പര്‍ നോക്കുകുത്തിയായി നില്‍ക്കെയായിരുന്നു കൊറിയയുടെ ഈ രക്ഷപ്പെടല്‍.

രണ്ടാംപകുതി ആവേശകരം

ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. ഉറുഗ്വേയും സൗത്ത് കൊറിയയും ഗോളിനായി തോളോടു തോള്‍ തന്നെ പോരാടി. രണ്ടു ഗോള്‍മുഖത്തേക്കും നിരവധി ശ്രമങ്ങള്‍ വന്നെങ്കിലും ബോള്‍ വലയ്ക്കുള്ളില്‍ കയറിയില്ല. ആദ്യ പകുതിയേക്കാള്‍ ഗോളവസരങ്ങള്‍ കൊറിയക്കു ലഭിച്ചത് രണ്ടാം പകുതിയിലാണ്. ലോങ്‌റേഞ്ചറുകളടക്കം പല ശ്രമങ്ങളും ഗോളിനായി അവര്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതിനിടെ 90ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ഗോള്‍ പോസ്റ്റ് ഉറുഗ്വേയ്ക്കു ഗോള്‍ നിഷേധിച്ചു. ഇത്തവണയും ഇടതു പോസ്റ്റ് തന്നെയായിരുന്നു വില്ലന്‍. വാല്‍വെര്‍ഡെയുടെ കിടിലന്‍ ഇടംകാല്‍ ലോങ്‌റേഞ്ചര്‍ ഗോളിയെ നിസ്സഹായനാക്കിയെങ്കിലും പോസ്റ്റില്‍ ശക്തമായി ഇടിച്ച് തെറിച്ചതോടെ ഭാഗ്യം ഉറുഗ്വേയ്‌ക്കൊപ്പമില്ലെന്നു ഉറപ്പാവുകയും ചെയ്തു.

Share this story