രക്ഷകനായി കുര്‍ട്ടോ, കാനഡയോട് വിറച്ച് ജയിച്ച് ബെല്‍ജിയം

Fifa

അല്‍ റയാന്‍: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ കാനഡയോട് വിറച്ച് ജയിച്ച് ബെല്‍ജിയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം വിജയം നേടിയത്. കാനഡയെ നിര്‍ഭാഗ്യം വേട്ടയാടിയ മത്സരത്തില്‍ മിച്ചി ബാറ്റ്ഷുവായിയുടെ ഗോളിലാണ് ബെല്‍ജിയം വിജയം നേടിയത്. ബെല്‍ജിയം ഗോളി തിബോ കുര്‍ട്ടോയുടെ മികവും കാനഡയുടെ വിജയപ്രതീക്ഷകളെ തടുത്തുനിര്‍ത്തി. ജയത്തോടെ നിര്‍ണ്ണായകമായ മൂന്ന് പോയിന്റും ബെല്‍ജിയം നേടിയെടുത്തു.

3-5-2 ഫോര്‍മേഷനിലിറങ്ങിയ ബെല്‍ജിയത്തെ 3-4-3 ഫോര്‍മേഷനിലാണ് കാനഡ നേരിട്ടത്. തുടക്കം മുതല്‍ മികച്ച ആക്രമണങ്ങള്‍ മത്സരത്തില്‍ കണ്ടു. കാനഡ അത്യുഗ്രന്‍ മുന്നേറ്റങ്ങളുമായി ബെല്‍ജിയത്തെ വിറപ്പിച്ചെന്ന് തന്നെ പറയാം. 11ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയത് കാനഡക്ക് വലിയ തിരിച്ചടിയായി. ബോക്‌സിനുള്ളില്‍ യാനിക് കരാസ്‌കോയുടെ കൈയില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്ന് വാര്‍ പരിശോധനയിലൂടെ പെനാല്‍റ്റി കാനഡക്ക് നല്‍കി. എന്നാല്‍ അല്‍ഫോണ്‍സോ ഡേവിസെടുത്ത കിക്ക് തിബോ കുര്‍ട്ടോ തടുത്തിട്ടു.

30ാം മിനുട്ടിലും കുര്‍ട്ടോയുടെ മികവ് ബെല്‍ജിയത്തെ രക്ഷിച്ചു. അലിസ്റ്റര്‍ ജോണ്‍സന്റെ ഷോട്ട് കുര്‍ട്ടോ തടുക്കുകയായിരുന്നു. ഇതിനിടെ ബെല്‍ജിയത്തിന്റെ പല മുന്നേറ്റങ്ങളും ഫിനിഷിങ്ങിലെ പിഴവുകൊണ്ട് ഗോളാകാതെ മടങ്ങി. 44ാം മിനുട്ടിലാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ പിറന്നത്. ടോണി അള്‍ഡെര്‍വൈറെല്‍ഡിന്റെ പന്ത് ബാറ്റ്ഷുവായി ഉന്നം പിഴക്കാതെ വലയിലെത്തിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 1-0ന്റെ ലീഡ് ബെല്‍ജിയത്തിന് സ്വന്തം.

രണ്ടാം പകുതിയിലും ബെല്‍ജിയത്തെ ആക്രമണത്തിലൂടെ വിറപ്പിക്കാന്‍ കാനഡക്കായി. ടയോണ്‍ ബുക്കാനക്കും അല്‍ഫോണ്‍സോ ഡേവിസും ജൊനാഥാന്‍ ഡേവിഡുമെല്ലാം തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളെ മുതലാക്കിയില്ല. അല്ലായിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പിലെ അട്ടിമറികളുടെ പട്ടികയിലേക്ക് ഈ മത്സരവും എത്തിപ്പെട്ടേനെ. ആക്രമണത്തോടൊപ്പം അവസരങ്ങള്‍ പാഴാക്കുന്നതിലും രണ്ട് ടീമുകളും മത്സരിച്ചുവെന്ന് പറയാം.

68ാം മിനുട്ടില്‍ ലീഡുയര്‍ത്താന്‍ ബാറ്റ്ഷുവായിയിക്ക് അവസരം ലഭിച്ചെങ്കിലും ഇത് മുതലാക്കാനായില്ല. മികച്ച മുന്നേറ്റത്തിനൊടുവില്‍ ഡിബ്രൂയിന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത ബാറ്റ്ഷുവായി ഷോട്ട് തൊടുക്കുന്നതിന് മുന്നെ റിച്ചി ലാറിയ പ്രതിരോധിച്ചു. 80ാം മിനുട്ടില്‍ ഡേവിഡിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡറും കുര്‍ട്ടോ തട്ടിയകറ്റി. അവസാന സമയങ്ങളിലും മികച്ച ആക്രമണം കാനഡ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നതോടെ 1-0ന്റെ തോല്‍വിയോട് കളം വിടേണ്ടി വന്നു. 46 ശതമാനം പന്തടക്കത്തില്‍ പിന്നിട്ട് നിന്ന കാനഡ 9നെതിരേ 22 ഗോള്‍ശ്രമങ്ങളാണ് നടത്തിയതെന്നത് ആക്രമണത്തിന്റെ മൂര്‍ച്ച എത്രത്തോളമെന്നത് വ്യക്തമാക്കുന്നു.

Share this story