മൊറോക്കൻ കരുത്ത് മുട്ടുകുത്തി; മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ

SP

ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യക്ക് മടങ്ങാം. മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയെടുത്തത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നതെന്നാണ് എടുത്തു പറയേണ്ടത്

ഏഴാം മിനുട്ടില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ക്രൊയേഷ്യയെ മുന്നിലെത്തിച്ചപ്പോള്‍ ഒമ്പതാം മിനുട്ടില്‍ അഷ്‌റഫ് ഡാരിയലിലൂടെ മൊറോക്കോ ഒപ്പമെത്തി. 42ാം മിനുട്ടില്‍ മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യക്കായി വിജയ ഗോള്‍ നേടിയെടുത്തത്.

ലൈനപ്പ് ഇങ്ങനെ

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ 3-5-2 ഫോര്‍മേഷനില്‍ ക്രൊയേഷ്യ ബൂട്ടണിഞ്ഞപ്പോള്‍ ആഫ്രിക്കക്കാരായ മൊറോക്കോ 4-1-2-3 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് ഇരു ടീമും പിരിഞ്ഞത്.

അടി, പിന്നാലെ തിരിച്ചടി

കടന്നാക്രമിച്ച ക്രൊയേഷ്യ ഏഴാം മിനുട്ടില്‍ത്തന്നെ ലീഡെടുത്തു. ഫ്രീകിക്കില്‍ നിന്ന് ബോക്‌സിലേക്കെത്തിയ പന്തിനെ ഹെഡറിലൂടെ ഇവാന്‍ പെരിസിച്ച് ബോക്‌സിലേക്ക് മറിച്ചു നല്‍കി.

പോസ്റ്റിന് തൊട്ട് മുന്നില്‍ നിന്ന ജോസ്‌കോ ഗ്വാര്‍ഡിയോള്‍ പറക്കും ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. കൃത്യമായ ടൈമിങ് ലഭിച്ച തകര്‍പ്പന്‍ ഹെഡ്ഡറായിരുന്നു അത്.

എന്നാല്‍ ക്രൊയേഷ്യയുടെ ലീഡിന് അല്‍പ്പായുസായിരുന്നു. രണ്ട് മിനുട്ടിനുള്ളില്‍ മൊറോക്കോ ഗോള്‍ മടക്കി. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്തിനെ ചാടി ഹെഡ്ഡ് ചെയ്ത് അഷ്‌റഫ് ഡാരിയിലാണ് മൊറോക്കോയ്ക്കായി ഗോള്‍ മടക്കിയത്.

തുടക്കത്തിലേ തന്നെ രണ്ട് ടീമും അക്കൗണ്ട് തുറന്നതോടെ മത്സരം കടുത്തു. ക്രൊയേഷ്യ മൊറോക്കോയേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയായിരുന്നു.

1

മൊറോക്കന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവുകള്‍

മൊറോക്കോന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവുകള്‍ ക്രൊയേഷ്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. മൊറോക്കോയുടെ പ്രതിരോധം മികവിനെ മറികടന്ന് ചെല്ലുമ്പോള്‍ ഗോളിയുടെ മികവ് ക്രൊയേഷ്യയെ വിറപ്പിച്ചു. 18ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ ലീഡുയര്‍ത്താനുള്ള ക്രൊയേഷ്യയുടെ ആന്ദ്രെ ക്രൊമറിച്ചിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി.

താരത്തിന്റെ ദുര്‍ബലമായ ഹെഡര്‍ മൊറോക്കോ ഗോളി ബോനോ പിടിച്ചെടുത്തു. 24ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ടും ബോനോ പിടിച്ചെടുത്തു. ലഭിച്ച അവസരങ്ങളില്‍ മൊറോക്കോ പ്രത്യാക്രമണം നടത്തി. 29ാം മിനുട്ടില്‍ മൊറോക്കോ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി.

അഷറഫ് ഹാക്കിമി ബോക്‌സിലേക്ക് മികച്ചൊരു ക്രോസ് നല്‍കി. എന്നാല്‍ യൂസഫ് എന്‍ നെസ്രിക്ക് പന്തിനെ പിടിച്ചെടുക്കാന്‍ സാധിച്ചില്ല. മാര്‍ക്ക് ചെയ്യാതെ നിന്ന നെസ്രിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്.

ലീഡെടുത്ത് ക്രൊയേഷ്യ

42ാം മിനുട്ടില്‍ മൊറോക്കോയെ വിറപ്പിച്ച് ക്രൊയേഷ്യ ലീഡെടുത്തു. ബോക്‌സിനുള്ളിലേക്ക് മാര്‍ക്കോ ലിവായ നല്‍കിയ പാസിനെ പിടിച്ചെടുത്ത് മിസ്ലാവ് ഓര്‍സിച്ച് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് പോസ്റ്റിലിടിച്ച് വലയിലേക്ക് കയറുകയായിരുന്നു. 2-1ന് ക്രൊയേഷ്യ മുന്നില്‍.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ ക്രൊയേഷ്യക്കായി. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ക്രൊയേഷ്യ മൂന്നിനെതിരേ എട്ട് ഗോള്‍ശ്രമമാണ് നടത്തിയത്. മൊറോക്കോയെക്കാള്‍ ഒരുപടി മുന്നിലാണ് ക്രൊയേഷ്യയുടെ ആദ്യ പകുതിയിലെ പ്രകടനം.

1

രണ്ടാം പകുതിയിലും ക്രൊയേഷ്യന്‍ ആധിപത്യം

രണ്ടാം പകുതിയിലും ആക്രമണത്തിലൂന്നിയാണ് ക്രൊയേഷ്യ കളിച്ചത്. 47ാം മിനുട്ടില്‍ ഓര്‍സിച്ചിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി പുറത്തേക്ക് പോയി. 51ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ലോവ്‌റോ മേജര്‍ ബോക്‌സിനുള്ളിലേക്ക് തകര്‍പ്പന്‍ ക്രോസ് നല്‍കിയെങ്കിലും മാര്‍ക്കോ ലിവാജക്ക് പന്ത് പിടിച്ചെടുക്കാനാവാതെ പോയി.

ക്രൊയേഷ്യ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ ഗോളകന്നുനിന്നു. 59ാം മിനുട്ടില്‍ പരിക്കേറ്റ ക്രൊയേഷ്യയുടെ ആന്‍ഡ്രിജ് ക്രമാറിച്ചിന് പുറത്തുപോവേണ്ടി വന്നു. 71ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ നിക്കോള വ്‌ളാസിച്ചിന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന്റെ മുകളിലൂടെ പറന്നു.

പെനാല്‍റ്റി നിഷേധിച്ച് റഫറി

74ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ജോസ്‌കോ ഗാര്‍ഡിയോളിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി അനുവദിച്ചില്ല. അവസാന സമയത്തേക്കടുത്തപ്പോള്‍ സമനില ഗോളിനായി മികച്ച ശ്രമങ്ങള്‍ മൊറോക്കോയുടെ ഭാഗത്ത് നിന്നുണ്ടായി. 90ാം മിനുട്ടില്‍ ഹാന്‍ഡ് ബോള്‍ റഫറിയുടെ ശ്രദ്ധയില്‍ പെടാതെ പോയി.

അവസാന സമയത്ത് അത്ഭുതങ്ങളൊന്നും മൊറോക്കോയ്ക്ക് കാട്ടാനാവാതെ വന്നതോടെ 2-1ന്റെ തോല്‍വിയോടെ കളം വിടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യക്ക് ഖത്തറില്‍ നിന്ന് മടങ്ങാം.

Share this story