മിന്നൽ സെഞ്ച്വറിയുമായി രോഹിതും ഗില്ലും; കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

gill

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസെടുത്തു. ഓപണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഇരുവരും ഓപണിംഗ് വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്

ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണെന്ന് തെളിയുന്നതാണ് പിന്നീട് കണ്ടത്. രോഹിതും ഗില്ലും കൂടി ചേർന്ന് കിവീസ് ബൗളർമാരെ മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും പായിച്ചു കൊണ്ടിരുന്നു. ആദ്യ പത്തോവറിൽ 82 റൺസും 20 ഓവറിൽ 165 റൺസിലേക്കും ഇന്ത്യ പറന്നെത്തി. 25 ഓവർ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യ 200 റൺസ് കടന്നിരുന്നു

26ാം ഓവറിലാണ് രോഹിതിന്റെയും ഗില്ലിന്റെയും സെഞ്ച്വറി പിറന്നത്. രോഹിത് 83 പന്തിൽ സെഞ്ച്വറി തികച്ചു. ഗിൽ 72 പന്തിലും മൂന്നക്കത്തിലേക്ക് എത്തി. സെഞ്ച്വറി തികച്ചതിന് പിന്നാലെ രോഹിത് 101 റൺസുമായി മടങ്ങി. 85 പന്തിൽ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതമാണ് രോഹിത് മൂന്നക്കം തികച്ചത്. ഓപണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 8 റൺസിന് മുകളിൽ ശരാശരി വെച്ചാണ് ബാറ്റിംഗ് തുടർന്നിരുന്നത്. 212 റൺസാണ് ഇരുവരും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്

സ്‌കോർ 230ൽ ശുഭ്മാൻ ഗില്ലും മടങ്ങി. 78 പന്തിൽ 13 ഫോറും അഞ്ച് സിക്‌സും സഹിതം 112 റൺസാണ് ഗിൽ എടുത്തത്. ഇതോടെ സ്‌കോറിംഗിന്റെ വേഗതയും കുറഞ്ഞു. ഇഷാൻ കിഷൻ 17 റൺസിനും കോഹ്ലി 36 റൺസിനും സൂര്യകുമാർ യാദവ് 14 റൺസിനും മടങ്ങി. വാഷിംഗ്ടൺ സുന്ദർ 9 റൺസെടുത്തു

അവസാന ഓവറുകളിൽ ഹാർദിക് നടത്തിയ പോരാട്ടമാണ് സ്‌കോർ 380 കടത്തിയത്. ഹാർദിക് 38 പന്തിൽ 54 റൺസെടുത്തു. ഷാർദൂൽ താക്കൂർ 25 റൺസെടുത്തു.
 

Share this story