പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

sp

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം.

ദേശീയഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍റെ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇറാനിലെ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണിത്. ഇതിന്‍റെ തുടർച്ചയെന്നോണം 11 ഇറാനിയൻ താരങ്ങളും ദേശീയഗാനം ആലപിച്ചില്ല.

മഹ്‌സ അമീനി എന്ന സ്ത്രീ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രണ്ട് മാസത്തോളമായി ഇറാനിൽ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായി മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് പാലിക്കാത്തതിനാണ് അമീനിയെ അറസ്റ്റ് ചെയ്തത്

Share this story