അടിച്ചുതകർത്ത് ലാഥം, പിന്തുണയുമായി നായകൻ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

latham

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 307 റൺസിലേക്ക് ബാറ്റേന്തിയ ന്യുസിലാൻഡിന് വേണ്ടി വന്നത് 47.1 ഓവർ മാത്രം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടം. സെഞ്ച്വറി നേടിയ ടോം ലാഥവും 94 റൺസുമായി പുറത്താകാതെ നിന്ന നായകൻ കെയ്ൻ വില്യംസണുമാണ് ന്യൂസിലാൻഡിന്റെ വിജയശിൽപ്പികൾ

പതിയെ ആയിരുന്നു ന്യൂസിലാൻഡിന്റെ തുടക്കം. 19.5 ഓവറിൽ മൂന്നാം വിക്കറ്റും നഷ്ടപ്പെടുമ്പോൾ 88 റൺസ് മാത്രമായിരുന്നു അവരുടെ സമ്പാദ്യം. പിന്നീട് ക്രീസിലൊന്നിച്ച വില്യംസണും ലാഥവും ചേർന്ന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 104 പന്തിൽ അഞ്ച് സിക്‌സും 19 ഫോറും സഹിതം 145 റൺസുമായി ലാഥവും 98 പന്തിൽ 94 റൺസുമായി വില്യംസണും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഉമ്രാൻ മാലിക് രണ്ടും ഷാർദൂൽ ഒരു വിക്കറ്റും നേടി

നേരത്തെ ശിഖർ ധവാന്റെയും ഗില്ലിന്റെയും ശ്രേയസ്സിന്റെയും അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 306ൽ എത്തിച്ചത്. ധവാൻ 72 റൺസും ഗിൽ 50 റൺസും ശ്രേയസ്സ് അയ്യർ 80 റൺസുമെടുത്തു. വാഷിംഗ്ടൺ സുന്ദർ 37 റൺസും സഞ്ജു സാംസൺ 36 റൺസുമെടുത്തു.
 

Share this story