വിയർത്തു, പിന്നെ മെസ്സി മാജിക്ക്; ഒടുവിൽ സെൽഫ് ഗോൾ: അർജന്റീന കടന്നു

SP

കരിയറിലെ ആയിരാമത്തെ മല്‍സരം ഗോളുമായി ഇതിഹാസ താരം ലയണല്‍ മെസ്സി അവിസ്മരണീയമാക്കിയപ്പോള്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ആവേശകരമായ മാച്ചില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലാറ്റിന്‍ പവര്‍ഹൗസുള്‍ മറികടന്നത്. ആദ്യത്തെ ഗോള്‍ 35ാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍ഡന്‍ ബൂട്ടില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് ജൂലിയന്‍ അല്‍വാറസന്റെ (57) വകയായിരുന്നു. 77ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോള്‍ അര്‍ജന്റീനയെ വിറപ്പിച്ചെങ്കിലും സമനില ഗോളിനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല

ആദ്യ പകുതി കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നുമില്ലാതെ കടന്നുപോയപ്പോള്‍ രണ്ടാം പകുതി സംഭവബഹുലമായിരുന്നു. ഡിഫന്‍സീവ് ശൈലി സ്വീകരിച്ച ഓസീസ് രണ്ടാം പകുതിയില്‍ ആക്രമണത്തിലേക്കു ചുവട് മാറ്റിയതോടെ കളി കൂടുതല്‍ ആവേശകരമായി തീര്‍ന്നു. അവസാന മിനിറ്റുകളില്‍ അര്‍ജന്റീന ശരിക്കും വിയര്‍ത്തു. എങ്കിലും ഒരു ഗോള്‍ ലീഡ് കാത്ത് അവര്‍ അവസാന എട്ടു ടീമുകളിലൊന്നായി മാറി. ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

പഴുതടച്ച് ഓസീസ്

പഴുതടച്ച് ഓസീസ്

പ്രതീക്ഷിക്കപ്പെട്ടതു പോലെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. കടലാസില്‍ ശക്തരായ അവര്‍ കളിക്കളത്തിലും ഇതു പുലര്‍ത്തുകയും ചെയ്തു. മികച്ച നീക്കങ്ങളിലൂടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന കളിയുടെ നിയന്ത്രണമേറ്റെടുത്തു.
ഡിഫന്‍സീവ് ശൈലിയാണ് സോക്കറൂസ് പയറ്റിയത്. ഈ കാരണത്താല്‍ തന്നെ രണ്ടു വിങുകളിലൂടെയും അര്‍ജന്റീന നീക്കങ്ങള്‍ നടത്തിയിട്ടും ഇവയെല്ലാം പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യത്തെ 15 മിനിറ്റില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ അര്‍ജന്റീനയെ ഓസീസ് അനുവദിച്ചില്ല.

ഗോള്‍കീപ്പര്‍മാര്‍ പരീക്ഷിക്കപ്പെട്ടില്ല

ഗോള്‍കീപ്പര്‍മാര്‍ പരീക്ഷിക്കപ്പെട്ടില്ല

ആദ്യത്തെ അര മണിക്കൂറില്‍ ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍മാര്‍ പരീക്ഷിക്കപ്പെട്ടില്ല. കാരണം കൂടുതല്‍ സമയവും ബോള്‍ സെന്ററില്‍ തന്നെ കറങ്ങി നടക്കുകയായിരുന്നു. അര്‍ജന്റീനയായിരുന്നു മെച്ചപ്പെട്ട ടീമെങ്കിലും അവരുടെ നീക്കങ്ങളൊന്നും ഓസീസ് ബോക്‌സിനുള്ളിലേക്കു കടന്നില്ല. അത്ര മാത്രം ശക്തമായിരുന്നു ഓസീസ് പ്രതിരോധം. മെസ്സിക്കും കാര്യമായൊന്നും ചെയ്യാനായില്ല.

കോട്ട തകര്‍ത്ത് മെസ്സി

കോട്ട തകര്‍ത്ത് മെസ്സി

ഒടുവില്‍ ഓസീസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ മെസ്സി തന്നെ വേണ്ടിവന്നു. 35ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം. അതിനു അല്‍പ്പം മുമ്പ് മെസ്സിയിലൂടെ തന്നെ അര്‍ജന്റീന ആദ്യമായി ഓസീസ് ഗോൡയെ പരീക്ഷിക്കുകയും ചെയ്തിരുന്നു. 40 വാര അകലെ നിന്നുള്ള മെസ്സിയുടെ കിടിലന്‍ ഫ്രീകിക്ക് ഓസീസ് ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു.
പിന്നാലെ മെസ്സിയുടെ ഗോളും വന്നു. അലിസ്റ്ററുടെ പാസ് ഒട്ടാമെന്‍ഡി ബോക്‌സിനകത്തു നിന്നു മെസ്സിക്ക് നല്‍കി. ആറു വാര മാത്രം അകലെ നിന്നും മൂന്ന് ഓസീസ് താരങ്ങള്‍ക്കിടയിലൂടെ ഒരു ഗ്രൗണ്ടറാണ് മെസ്സി തൊടുത്തത്. ഇത് ഡൈവ് ചെയ്ത ഗോളിക്കു പിടികൊടുക്കാതെ വലയില്‍ തുളഞ്ഞു കയറുകയും ചെയ്തു. ആദ്യപകുതിയില്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ശ്രമവും ഇതു തന്നെയായിരുന്നു. ലീഡ് കാത്തുസൂക്ഷിച്ചാണ് അര്‍ജന്റീന ആദ്യ പകുതി അവസാനിപ്പിച്ചത്.

നന്നായി തുടങ്ങി അര്‍ജന്റീന

നന്നായി തുടങ്ങി അര്‍ജന്റീന

രണ്ടാം പകുതിയിലും അര്‍ജന്റീന നന്നായി തന്നെ തുടങ്ങി. പന്ത് കൈവശം വച്ച് ഓസ്‌ട്രേലിയയെ അവര്‍ വീണ്ടും പ്രതിരോധത്തിലാക്കി. ബോള്‍ പിടിച്ചെടുത്ത് ഒരു ഹൈ പ്രസിങ് ഗെയിമിനു ഓസ്‌ട്രേലിയ തുനിഞ്ഞെങ്കിലും ബോള്‍ കാര്യമായി ലഭിക്കാതിരുന്നതോടെ ഈ നീക്കം അമ്പെ പാളി.

രണ്ടാം ഗോള്‍

57ാം മിനിറ്റില്‍ അര്‍ജന്റീന തങ്ങളുടെ ആധിപത്യമുറപ്പാക്കി രണ്ടാം ഗോളും നേടി. ഇത്തവണ ഓസീസ് ഗോള്‍കീപ്പര്‍ മാറ്റ് റയാന്റെ പക്കല്‍ നിന്നുണ്ടായ ഗുരുതര പിഴവ് ഓസ്‌ട്രേലിയ മുതലെടുക്കുകയായിരുന്നു. സ്വന്തം ബോക്‌സില്‍ നിന്നും ബോള്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഡി പോളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രമം പാളി. അവസരം മുതലെടുത്ത് പിറകിലൂടെ വന്ന അല്‍വാറസ് ബോള്‍ തട്ടിയെടുത്ത് ഒഴിഞ്ഞ വലയിലേക്കു തട്ടിയിടുകയായിരുന്നു.
77ാം മിനിറ്റില്‍ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി ഓസീസ് ആദ്യത്തെ ഗോള്‍ മടക്കി. സെല്‍ഫ് ഗോളാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. ഇടതു വിങിലൂടെയുള്ള ചടുലമായ നീക്കത്തിനൊടുവില്‍ ഗുഡ്‌വിന്‍ 25 വാര അകലെ നിന്നും ലോങ്‌റേഞ്ചര്‍ തൊടുക്കുകയായിരുന്നു. ഇതു ഹെര്‍ണാണ്ടസിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയപ്പോള്‍ ഗോള്‍കീപ്പര്‍ക്കു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഒരു മാറ്റം മാത്രം

ഒരു മാറ്റം മാത്രം

4-2-3-1 എന്ന കോമ്പിനേഷനായിരുന്നു പോളണ്ടുമായുള്ള അവസാന മാച്ചില്‍ അര്‍ജന്റീന പരീക്ഷിച്ചത്. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ഈ ശൈലിയില്‍ കോച്ച് ലയണല്‍ സ്‌കലോനി മാറ്റം വരുത്തി. 4-3-3 എന്നതായിരുന്നു പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റൈന്‍ ശൈലി. പോളണ്ടിനെതിരായ ടീമില്‍ ഒരേയൊരു മാറ്റം മാത്രമേ കോച്ച് വരുത്തിയുള്ളൂ. സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയക്കു പകരം അലെയാണ്ട്രോ ഗോമസ് പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു.

Share this story