വിശ്വകിരീടവുമായി ചാമ്പ്യൻമാർ എത്തി; നീലക്കടലായി ബ്യൂണസ് അയേഴ്‌സ്
Tue, 20 Dec 2022

വിശ്വകിരീടവുമായി അർജന്റീന താരങ്ങൾ നാട്ടിൽ എത്തി. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ലോകകപ്പുമായി എത്തിയ താരങ്ങൾക്ക് വൻ വരവേൽപ്പാണ് രാജ്യം നൽകുന്നത്. തെരുവുകളാകെ നീലക്കടലായി മാറി. ചാമ്പ്യൻമാരെ കാത്ത് ബ്യൂണസ് അയേഴ്‌സിൽ ലക്ഷങ്ങളാണ് കാത്തിരുന്നത്.
ലോകകപ്പ് നേട്ടത്തിന്റെ ആഘോഷം ബ്യൂണസ് അയേഴ്‌സിൽ തുടരുകയാണ്. ചാമ്പ്യൻമാർ ലോകകിരീടവുമായി എത്തുന്നത് പ്രമാണിച്ച് അർജന്റീനയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറഡോണക്ക് ശേഷം മെസിയിലൂടെ ഒരു ലോകകിരീടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് അർജന്റീനയാകെ.
ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ ഫ്രാൻസിനെ തകർത്താണ് മെസിയും സംഘവും കപ്പ് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3 ഗോൾ വീതം നേടി സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.