ലോകത്ത് ഇതുപോലെ ഒരേയൊരു താരം; ആ പെനാൽറ്റി ഗോൾ പോയത് ചരിത്രത്തിലേക്ക്

ronaldo

ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്നും പുറത്തായി ഒരു ക്ലബ്ബിന്റെയും മേൽവിലാസമില്ലാതെയാണ് റൊണാൾഡോ ഘാനക്കെതിരായ മത്സരത്തിന് ഇറങ്ങിയത്. വിവാദങ്ങളടക്കമുള്ള സമ്മർദം താരത്തിനുണ്ടായിരുന്നു. എന്നാൽ മൈതാനത്ത് റോണോ തന്റെ മാജിക്ക് തുടർന്നു

റൊണാൾഡോയുടെ ചരിത്ര ഗോളിനായുള്ള കാത്തിരിപ്പായിരുന്നു ആരാധകരുടേത്. മത്സരത്തിന്റെ 30ാം മിനിറ്റിൽ സിആർ 7 ഘാനയുടെ വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചതോടെ ആരാധകരും നിരാശരായി. എന്നാൽ രണ്ടാം പകുതിയിൽ ഇരുടീമുകളുടെയും തിരിച്ചുവരവാണ് കണ്ടത്. ഒപ്പം ചരിത്രത്തിലേക്കുള്ള ഒരു ഗോളും

65ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലേക്ക് എത്തിച്ചാണ് റൊണാൾഡോ ചരിത്രത്തിന്റെ ഭാഗമായത്. 2006ലെ ആദ്യ ലോകകപ്പിൽ ഒരു ഗോൾ ആണ് റൊണാൾഡോ നേടിയത്. 2010, 2014 ലോകകപ്പുകളിലും ഓരോ ഗോളുകൾ. 2018 സ്‌പെയിനിനെതിരെ നേടിയ ഹാട്രിക് അടക്കം നാല് ഗോളുകൾ. ലോകകപ്പിൽ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് റഷ്യൻ ലോകകപ്പിൽ റൊണാൾഡോ സ്വന്തമാക്കിയിരുന്നു

പോർച്ചുഗലിനായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഘാനക്കെതിരെ ഗോൾ നേടുമ്പോൾ 37 വയസ്സും 295 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം.
 

Share this story