ആരാധാകരെ ഇന്നാണാ ദിനം; മെസിയും സംഘവും ആദ്യ മത്സരത്തിന്, എതിരാളികൾ സൗദി

argentina

ഖത്തർ ലോകകപ്പിൽ ഇന്ന് അർജന്റീന ഇറങ്ങുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാൡൾ. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആരാധകർക്ക് ആവേശം നൽകാനായി വൻ വിജയമാണ് മെസിയും സംഘവും ലക്ഷ്യമിടുന്നത്.

അവസാന 36 കളികളിൽ തോൽവി അറിയാതെയാണ് അർജന്റീന ലോകകപ്പിനെത്തിയത്. ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാമതും സൗദി 51ാം സ്ഥാനത്തുമാണ്. ഇതിന് മുമ്പ് നാല് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അർജന്റീന രണ്ട് മത്സരങ്ങളിൽ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു

എൺപതിനായിരത്തോളം പേരെ ഉൾക്കൊള്ളാനാകുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്. മെസിയും സംഘവും ഇന്നിറങ്ങുമ്പോൾ കേരളത്തിലടക്കമുള്ള ആരാധകരും കാത്തിരിക്കുകയാണ്.

മുന്നേറ്റ നിരയിൽ മെസിക്കൊപ്പം ഡി മരിയയും മാർട്ടിനസും ഇറങ്ങും. ജുലിയൻ അൽവാരസിനെ പകരക്കാരനായിട്ടാകും കോച്ച് സ്‌കലോണി പരിഗണിക്കുക. പ്രതിരോധത്തിൽ മൊളീന, ക്രിസ്റ്റിയൻ റൊമേറോ, നിക്കോളസ് ഒട്ടമെന്റി, മാർക്കോസ് അക്യൂന എന്നിവരുണ്ടാകും.
 

Share this story