ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

Fifa

ദോഹ: ഖത്തര്‍ ലോകകപ്പിലെ പോരാട്ടങ്ങള്‍ ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തവണത്തെ ആദ്യ റൗണ്ട് പോരാട്ടങ്ങളിലൂടെത്തന്നെ ഖത്തറിലെ വിശ്വകിരീട പോരാട്ടം എത്രത്തോളം ശക്തമെന്ന് വ്യക്തം. അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതും ജപ്പാന് മുന്നില്‍ ജര്‍മന്‍ നിര തലകുനിച്ചതുമെല്ലാം ആദ്യ റൗണ്ടിലെ പ്രധാന അട്ടിമറികള്‍.

പല വമ്പന്മാരും പോരാട്ടവീര്യംകാഴ്ചവെക്കുന്ന കുഞ്ഞന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നുവെന്നത് ഇത്തവണത്തെ ലോകകപ്പിലെ ആവേശം ഇരട്ടിപ്പിക്കുന്നു. ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ ടീമുകള്‍ ഇത്തവണ ജയിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ കിരീട പ്രതീക്ഷ നല്‍കുന്ന രണ്ട് ടീമുകളാണ് ഇരു കൂട്ടരും. എന്നാല്‍ ഒറ്റ മത്സരംകൊണ്ട് ആരുടെയും സാധ്യതകള്‍ വിലയിരുത്താനാവില്ല. ഇപ്പോഴിതാ ഡാറ്റ് സയന്റിസ്റ്റിന്റെ പ്രവചനം പുറത്തുവന്നിരിക്കുകയാണ്.

കൂടുതല്‍ സാധ്യത ബ്രസീലിന്

കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത് ബ്രസീലാണെന്നാണ് ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം. 97.48 ശതമാനം സാധ്യതയാണ് ബ്രസീലിന് കല്‍പ്പിക്കപ്പെടുന്നത്. ഇത്തവണ കരുത്തരുടെ നിരയാണ് ബ്രസീല്‍. അതുകൊണ്ട് തന്നെ കിരീട സാധ്യതകളും വളരെ കൂടുതല്‍. അഞ്ച് തവണ വിശ്വകിരീടം ചൂടിയ ബ്രസീല്‍ ആറാം കിരീടമെന്ന വലിയ ലക്ഷ്യത്തോടെയാണ് ഖത്തറില്‍ ബൂട്ടണിയുന്നത്. ടിറ്റെയെന്ന തന്ത്രശാലിയായ പരിശീലകന് കീഴില്‍ ആക്രമണകാരികളായ താരങ്ങളുടെ വലിയ നിരയാണ് ബ്രസീലിന്റേത്. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ 2-0ന് തോല്‍പ്പിച്ച് തുടങ്ങാന്‍ ബ്രസീലിനായി.

രണ്ടാം സ്ഥാനം അര്‍ജന്റീനക്ക്

ഡാറ്റാ സയന്റസ്റ്റിന്റെ പ്രവചനപ്രകാരം കിരീട സാധ്യതയില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന. 96.1 ശതമാനാണ് അര്‍ജന്റീനയുടെ കിരീട സാധ്യത. ഖത്തര്‍ ലോകകപ്പിന് മുമ്പ് നടത്തിയ ഡാറ്റാ അനലിസ്റ്റ് പ്രകാരമുള്ള പ്രവചനമാണിത്. എന്നാല്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് 2-1ന് അര്‍ജന്റീന തോറ്റിരുന്നു. ലയണല്‍ മെസിയെന്ന ഇതിഹാസ താരം നയിക്കുന്ന ടീമാണ് അര്‍ജന്റീന. തോല്‍വി അറിയാതെ 36 മത്സരങ്ങളെന്ന വമ്പുമായെത്തിയ അര്‍ജന്റീനക്ക് അപ്രതീക്ഷിത ഷോക്കാണ് സൗദി നല്‍കിയത്. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട അര്‍ജന്റീനക്ക് പോളണ്ടിനേയും മെക്‌സിക്കോയേയും വീഴ്ത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഫ്രാന്‍സിന്റെ സാധ്യതകള്‍ ഇങ്ങനെ

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരാണ് ഫ്രാന്‍സ്. ഇത്തവണ കരുത്തുറ്റ താരങ്ങളുടെ വലിയ നിരയാണ് ഫ്രാന്‍സ്. പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, കരിം ബെന്‍സേമ എന്നീ സൂപ്പര്‍ താരങ്ങളുടെ അഭാവം ഫ്രാന്‍സ് നിരയിലുണ്ട്. എന്നാല്‍ ഒലിവര്‍ ജിറൗഡ്, അന്റോണിയോ ഗ്രിസ്മാന്‍, കെയ്‌ലിയന്‍ എംബാപ്പെ എന്നിവരെല്ലാമാണ് ഫ്രാന്‍സിന്റെ ശക്തി. ഡാറ്റാ സൈന്റിസ്റ്റിന്റെ പ്രവചന പ്രകാരം 93.4 ശതമാനം സാധ്യതയാണ് ഫ്രാന്‍സിന് കല്‍പ്പിക്കപ്പെടുന്നത്.

സ്‌പെയിനും അപകടകാരികള്‍

സ്പാനിഷ് നിരയ്ക്ക് 89.6 ശതമാനമാണ് ഡാറ്റാ സയന്റിസ്റ്റ് നല്‍കുന്ന കിരീട സാധ്യത. ടിക്കി ടാക്ക ശൈലിയുടെ പുതിയ പതിപ്പുമായി കളത്തിലിറങ്ങുന്ന സ്‌പെയിന്‍ ഗ്രൂപ്പ് ഇയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിന്‍ തകര്‍ത്തത്. ഇത് വലിയൊരു മുന്നറിയിപ്പാണെന്ന് പറയാം. ക്ലബ്ബ് ഫുട്‌ബോളില്‍ തിളങ്ങുന്ന മികച്ച താരങ്ങളുടെ നിരയാണ് സ്‌പെയിന്‍. അതുകൊണ്ട് തന്നെ സ്‌പെയിനെ എഴുതിത്തള്ളാനാവില്ല.

ജര്‍മനിക്ക് അഞ്ചാം സ്ഥാനം

പ്രവചന പ്രകാരം കിരീട സാധ്യതയില്‍ അഞ്ചാം സ്ഥാനത്താണ് ജര്‍മനി. 69.6 ശതമാനമാണ് ജര്‍മനിയുടെ കിരീട സാധ്യത. നാല് തവണ ചാമ്പ്യന്മാരായിട്ടുള്ള ജര്‍മനിക്ക് ഇത്തവണ കപ്പ് അധിമോഹമാണ്. സ്‌പെയിനൊപ്പം ഗ്രൂപ്പ് ഇയിലാണ് ജര്‍മനിയുടെ സ്ഥാനം. ജപ്പാനോട് 2-1ന് തോറ്റ ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കുക പ്രയാസം. ജപ്പാനും സ്‌പെയിനും മൂന്ന് പോയിന്റുകള്‍ ഇതിനോടകമുണ്ട്. അതുകൊണ്ട് തന്നെ ജര്‍മനിക്ക് കാര്യങ്ങള്‍ കടുപ്പം തന്നെ.

Share this story