മെസി വിരമിക്കുമോ? ട്രോളുകളില്‍ നിറഞ്ഞ് അര്‍ജന്റീന, ആരാധകര്‍ക്ക് കണ്ണീര്‍

Messi

ലുസെയ്ല്‍: ലയണല്‍ മെസിയെന്ന ഇതിഹാസവും അര്‍ജന്റീനയെന്ന വമ്പന്മാര്‍ക്കും മറക്കാനാവാത്ത ദിനമാണിന്ന്. ഗ്രൂപ്പ് സിയില്‍ നിന്ന് അനായാസമായി മുന്നോട്ട് പോകാമാനെന്ന് കരുതിയ അര്‍ജന്റീനക്ക് സൗദി അറേബ്യ നല്‍കിയത് കണ്ണീരോര്‍മ. മെസിയെന്ന ഗോട്ടും തോല്‍വി അറിയാതെ 36 മത്സരങ്ങളുടെ കണക്കുകളും അര്‍ജന്റീനയുടെ പിന്‍ബലമായിരുന്നെങ്കിലും സൗദിയുടെ തീപാറും പോരാട്ടത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങാനായിരുന്നു വിധി.

10ാം മിനുട്ടില്‍ മുന്നിലെത്തിയിട്ടും 2-1ന്റെ തോല്‍വിയോടെ മടങ്ങേണ്ടി വന്നതിനെ എങ്ങനെ അര്‍ജന്റീന വരുന്ന മത്സരങ്ങളില്‍ അതിജീവിക്കുമെന്നതാണ് പ്രധാനം. അര്‍ജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകര്‍ക്കിത് നിരാശയുടെ ദിനമാണെങ്കില്‍ എതിരാളികള്‍ക്കിത് ആഘോഷത്തിന്റെ ദിനമാണ്. ലയണല്‍ മെസിയും അര്‍ജന്റീനയും ട്രോളുകളില്‍ ട്രന്റിങ്ങായിരിക്കുകയാണ്.

മെസി കരയുന്നില്ലേ

ഗോട്ടെന്നും മിശിഹായെന്നും ഇതിഹാസമെന്നുമെല്ലാം വാഴ്ത്തുന്ന മെസിക്ക് ഇന്നത്തെ തോല്‍വിയില്‍ വലിയ പങ്കുണ്ട്. മെസി കാരണം രണ്ട് ഓഫ് സൈഡ് ഗോളുകള്‍ പിറന്നതോടെ വലിയ വിമര്‍ശനവും പരിഹാസവും സൂപ്പര്‍ താരത്തിനെതിരേ ഉയരുന്നു. മെസി വിരമിക്കുമോ, മെസി കരയുന്നില്ലേ തുടങ്ങിയ നിരവധി പരിഹാസ കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. മെസിയുടെ തലകുനിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ട്രോളുകളുടെ പെരുമഴ

അര്‍ജന്റീനക്കെതിരേ ട്രോളുകളുടെ പെരുമഴയാണ്. പ്രശസ്തമായ മലപ്പുറം കത്തി അമ്പും വില്ലും ഡയലോഗ് മുതല്‍ കെജിഎഫിലെ സീന്‍ വരെ അര്‍ജന്റീനക്കെതിരായ ട്രോളുകളായി മാറിയിരിക്കുന്നു. ഒരു ഗോളടിച്ച് ലീഡ് നേടിയപ്പോള്‍ ആര്‍ത്ത് അട്ടഹസിച്ചവര്‍ ഓര്‍ത്തുകാണില്ല ഇത്തരമൊരു തിരിച്ചടിയെന്നാണ് എതിരാളികള്‍ പറയുന്നത്. മെസിയുടെ പതനം കാണാന്‍ കാത്തിരിക്കുന്ന ബ്രസീല്‍ ആരാധകരാണ് അര്‍ജന്റീനയുടെ തോല്‍വിയെ ആഘോഷമാക്കുന്നത്.

റൊണാള്‍ഡോ നെയ്മര്‍ ഫാന്‍സ് ഹാപ്പി

അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാളാള്‍ഡോയുടെയും നെയ്മറിന്റെയും ആരാധകരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനെതിരേ നിര്‍ണ്ണായക സമയത്ത് റൊണാള്‍ഡോ ഫ്രീ കിക്ക് ഗോള്‍ നേടി സമനില നേടിക്കൊടുത്തതടക്കം ഇപ്പോള്‍ ചര്‍ച്ചയായി ഉയര്‍ന്നുവരുന്നു. 2019ലെ കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയപ്പോഴേറ്റ മുറിവുണക്കാന്‍ ഇന്നത്തെ മത്സരത്തെ എതിരാളികള്‍ നന്നായി ഉപയോഗിക്കുന്നു.

കളി മറന്ന അര്‍ജന്റീന

ഇത്തവണത്തെ ലോകകപ്പിലെ കിരീട ഫേവറേറ്റുകളിലെ മുന്‍ നിരക്കാരായിരുന്നു അര്‍ജന്റീന. ലയണല്‍ മെസിയും സംഘവും കണക്കുകള്‍ നിരത്തി ഫേവറേറ്റുകളായെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിക്കേണ്ടത് അര്‍ജന്റീനക്ക് അനിവാര്യമാണ്. ആത്മവിശ്വാസമില്ലാതെ ഇതേ കളി തുടര്‍ന്നാല്‍ മെസിയുടെ കണ്ണുനീരോടെയുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് വീണ്ടും ആരാധകര്‍ സാക്ഷിയാകേണ്ടി വരും.

മത്സരഗതി ഇങ്ങനെ

4-4-1-1 ഫോര്‍മേഷനിലിറങ്ങിയ സൗദി അറേബ്യയെ 4-2-3-1 ഫോര്‍മേഷനിലാണ് അര്‍ജന്റീന നേരിട്ടത്. 10ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കാന്‍ മെസിക്കായെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കി മാറ്റാനായില്ല. 48ാം മിനുട്ടില്‍ സാലെ അല്‍ ഷെഹ്രിയും 53ാം മിനുട്ടില്‍ സലീം അല്‍ ദോസരിയുമാണ് സൗദിക്കായി വലകുലുക്കിയത്. പ്രതിരോധത്തിലെ അര്‍ജന്റീനയുടെ പാളിച്ചയും ആക്രമണത്തിലെ മൂര്‍ച്ചയില്ലായ്മയുമെല്ലാം പരിഹരിച്ച് നീലപ്പടക്ക് മുന്നോട്ട് പോകാനാവുമോയെന്നത് കണ്ടറിയാം.

Share this story