ഒരേ ടെസ്റ്റിൽ അർധ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും; അശ്വിന്റെ റെക്കോർഡിനൊപ്പം ജഡേജ

jadeja

പരുക്കിനെ തുടർന്ന് അഞ്ച് മാസം നീണ്ട ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജ നാഗ്പൂർ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകൾ പിഴുത ജഡേജ ഇന്ത്യയുടെ ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുകയാണ്. ഇതോടെ ഒരു റെക്കോർഡിനൊപ്പമെത്താനും ജഡേജക്ക് സാധിച്ചു

ഒരേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവും കൊയ്ത താരങ്ങളിൽ അശ്വിന്റെ ഇന്ത്യൻ റെക്കോർഡിനൊപ്പമാണ് ജഡേജ എത്തിയത്. ഇരുവരും ആറ് വീതം ടെസ്റ്റുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ലോക ക്രിക്കറ്റിൽ രണ്ട് താരങ്ങൾ ഇരുവർക്കും ബഹുദൂരം മുന്നിലുണ്ട്. 11 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇയാൻ ബോതമാണ് പട്ടികയിൽ മുന്നിൽ. 10 തവണ നേട്ടം സ്വന്തമാക്കിയ ഷാകിബ് അൽ ഹസൻ രണ്ടാം സ്ഥാനത്താണ്. 

അതേസമയം നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ്. 62 റൺസുമായി ജഡേജയും 52 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ
 

Share this story