ചെപ്പോക്കിൽ ആരുയർത്തും ട്രോഫി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്

india

ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ചെന്നൈയിൽ. ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാൽ ചെപ്പോക്കിൽ നടക്കുന്ന മൂന്നാം മത്സരം അക്ഷരാർഥത്തിൽ ഫൈനലാണ്. ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുക. വാംഖഡെയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയപ്പോൾ, രണ്ടാം ഏകദിനത്തിൽ പത്ത് വിക്കറ്റിന് ജയിച്ചാണ് ഓസ്‌ട്രേലിയ കരുത്ത് കാണിച്ചത്

രണ്ട് ഏകദിനങ്ങളിലും ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യക്ക് തലവേദന സമ്മാനിച്ചത്. സ്റ്റാർക്കിനെ എങ്ങനെ നേരിടണമെന്ന ഹോംവർക്ക് നടത്തിയാകും ഇന്ത്യ ഇന്നിറങ്ങുക. ബാറ്റ്‌സ്മാൻമാരുടെ ഫോമാണ് ഇന്ത്യക്ക് പ്രതിസന്ധി. മുൻനിര ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. വിശാഖപട്ടണത്ത് ഇന്ത്യ 117 റൺസിനാണ് ഓൾ ഔട്ടായത്

ഓപണർ സ്ഥാനത്ത് ശുഭ്മാൻ ഗിൽ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. സൂര്യകുമാർ യാദവാകട്ടെ രണ്ട് മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആയിരുന്നു. രവീന്ദ്ര ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും ഫോമും കെഎൽ രാഹുൽ താളം കണ്ടെത്തിയതുമാണ് ഇന്ത്യക്ക് കുറച്ചെങ്കിലും ആശ്വാസം. 

ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. ഒരുപക്ഷേ ബൗളിംഗിൽ ഉമ്രാൻ മാലിക്കിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഷമിയോ സിറാജോ പുറത്തിരിക്കേണ്ടി വരും.
 

Share this story