ഏഷ്യാ കപ്പ് ക്രിക്കറ്റ്: പരിശീലനത്തിന് തുടക്കമിട്ട് ടീം ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലനം തുടങ്ങി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെയും നേതൃത്വത്തിലാണ് ഐ സി സി അക്കാഡമിയിൽ പരിശീലന സെഷനുകൾ നടത്തിയത്. ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, തിലക് വർമ്മ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ എന്നിവരും ബൗളിംഗ് കോച്ച് മോർണി മോർക്കലും പരിശീലന സെഷനിൽ പങ്കെടുത്തു.
പരിശീലന സെഷനിൽ നിന്നുള്ള ചിത്രങ്ങൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഒരു മാസം കഴിഞ്ഞാണ് ഇന്ത്യൻ ടീം ഒരു ആദ്യത്തെ പ്രധാന ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇത്തവണ ടി 20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ്. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാർ.
സെപ്റ്റംബർ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14 നാണ് ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരം. സെപ്റ്റംബർ 19 ന് അബുദാബിയിൽ ഒമാനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം.
ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പർ 4 തുടങ്ങും. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തിയാൽ ഇന്ത്യയുടെ എല്ലാ സൂപ്പർ 4 മത്സരങ്ങളും ദുബായിൽ നടക്കും. രണ്ടാം സ്ഥാനത്തെത്തിയാൽ ഇന്ത്യയുടെ സൂപ്പർ 4 പോരാട്ടങ്ങളിൽ ഒന്ന് അബുദാബിയിലും, ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ദുബായിലും നടക്കും. സൂപ്പർ 4 ഘട്ടം സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കും. സെപ്റ്റംബർ 28 ന് ദുബായിലാണ് ഫൈനൽ.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ ), ഹർഷിത് റാണ, റിങ്കു സിംഗ്. റിസർവ് കളിക്കാർ: പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്‌സ്വാൾ.