അടപടലം തകർന്ന് ഓസ്‌ട്രേലിയ; നാഗ്പൂർ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 132 റൺസിന്റെയും പരാജയം

aswin

നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റൺസിനുമാണ് ഇന്ത്യ തകർത്തുവിട്ടത്. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ കേവലം 91 റൺസിനാണ് പുറത്തായത്. ഇന്ത്യയിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. നാണക്കേടിന്റെ റെക്കോർഡ് കൂടി പുതുക്കിയാണ് ഓസീസ് പരാജയം

മൂന്നാം ദിനം ഇന്ത്യ 400 റൺസിന് പുറത്തായിരുന്നു. ഇതോടെ 223 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 177 റൺസിന് പുറത്തായിരുന്നു. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് വെറും 32.3 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്

രണ്ടാം ഓവറിൽ തന്നെ ഉസ്മാൻ ഖവാജയെ പുറത്താക്കി അശ്വിൻ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. സ്‌കോർ 26ൽ ലാബുഷെയ്‌നും 34ൽ ഡേവിഡ് വാർണറും 42ൽ മാറ്റ് റെൻഷോയും 52ൽ പീറ്റർ ഹാൻഡ്‌സ്‌കോംബും വീണു. 25 റൺസുമായി പൊരുതിയ സ്റ്റീവ് സ്മിത്തിനും ഓസീസ് തകർച്ചയെ പിടിച്ചുനിർത്താനായില്ല

അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് ഓസീസിനെ രണ്ടാമിന്നിംഗ്‌സിൽ തകർത്തത്. ജഡേജ രണ്ടും ഷമി രണ്ടും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. 25 റൺസെടുത്ത സ്മിത്താണ് ഓസീസ് ടോപ് സ്‌കോറർ. ലാബുഷെയ്ൻ 17 റൺസെടുത്തു.


 

Share this story