വീണ്ടും ഇരട്ട പ്രഹരം: നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മോശം തുടക്കം; നാല് വിക്കറ്റുകൾ വീണു

നാഗ്പൂരിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ ലഭിച്ച ഇരട്ട പ്രഹരത്തിന് ശേഷം കരകയറിയ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി. രണ്ട് വിക്കറ്റുകൾ വീണതിന് പിന്നാലെ 84 റൺസ് വരെ എത്തിയ ഓസ്‌ട്രേലിയയെ മറ്റൊരു ഇരട്ട പ്രഹരത്തിലൂടെ ഇന്ത്യ വീണ്ടും ഞെട്ടിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിലെ പേസർമാർ ഓസീസിനെ ഞെട്ടിച്ചു. സ്‌കോർ 2ൽ നിൽക്കെ ഉസ്മാൻ ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഷമി ഡേവിഡ് വാർണറെ ക്ലീൻ ബൗൾഡ് ചെയ്തതോടെ ഓസ്‌ട്രേലിയ രണ്ട് റൺസിന് 2 വിക്കറ്റ് എന്ന നിലയിലായി
ഇവിടെ നിന്നും ക്രീസിലൊന്നിച്ച ലാബുഷെയ്‌നും സ്മിത്തും കൂടുതൽ പരുക്കുകൾ കൂടാതെ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി. എന്നാൽ സ്‌കോർ 84ൽ നിൽക്കെ ഖവാജയെ ജഡേജ പുറത്താക്കി. തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയെയും പുറത്താക്കി ജഡേജ വീണ്ടും സ്‌ട്രൈക്ക് ചെയ്തു. ഇതോടെ ഓസീസ് 4ന് 84 എന്ന നിലയിലായി.
ഇന്ത്യക്കായി ഇന്ന് സൂര്യകുമാർ യാദവ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയാണ്. വിക്കറ്റ് കീപ്പറായി ശ്രീകർ ഭരതും കന്നിയങ്കത്തിന് ഇറങ്ങിയിട്ടുണ്ട്. ജഡേജ, അശ്വിൻ, അക്‌സർ പട്ടേൽ എന്നീ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്.