വിജയവഴിയിൽ തിരികെ: വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ജയം; ഇംഗ്ലണ്ടിനെ തകർത്തത് 106 റൺസിന്

india

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ജയം. 106 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 399 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 292 റൺസിന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. അശ്വിൻ ആരംഭിച്ച വിക്കറ്റ് വേട്ട ബുമ്രയിലൂടെ പൂർത്തിയാകുകയായിരുന്നു

73 റൺസെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 36 റൺസ് വീതമെടുത്ത ബെൻ ഫോക്‌സും ടോം ഹാർട്‌ലിയുമൊക്കെ പൊരുതി നോക്കിയെങ്കിലും നാലാം ദിനം ചായക്ക് മുമ്പ് തന്നെ ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു. ബെൻ ഡക്കറ്റ് 28 റൺസിനും റെഹാൻ അഹമ്മദ് 23 റൺസും ഒലി പോപ് 23 റൺസുമെടുത്തു. ബെയിര്‍‌സ്റ്റോ 26 റൺസെടുത്ത് പുറത്തായി. ബെൻ സ്റ്റോക്‌സ് 11 റൺസെടുത്തു

ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആർ അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തു. മുകേഷ് കുമാർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 396 റൺസാണ് എടുത്തത്. 209 റൺസ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സിൽ തുണയായത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 253 റൺസിന് പുറത്തായി. 

143 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 255 റൺസിന് ഓൾ ഔട്ടായി. ശുഭ്മാൻ ഗിൽ 104 റൺസും അക്‌സർ പട്ടേൽ 45 റൺസുമെടുത്തു. 399 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഇന്ത്യ വെച്ചത്.
 

Share this story