നാണം കെട്ട് ബംഗ്ലാദേശ്: രണ്ടാം ടി20യിലും തോൽവി, അമേരിക്കക്ക് പരമ്പര

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആതിഥേയരായ അമേരിക്കക്ക് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നേട്ടം. പരമ്പര അമേരിക്ക 2-0ന് സ്വന്തമാക്കി. രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ തകർത്താണ് അമേരിക്ക വരവറിയിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത യുഎസ്എ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 138 റൺസിന് ഓൾ ഔട്ടായി. ആറ് റൺസിനാണ് അമേരിക്കയുടെ ജയം. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരെ അമേരിക്ക ആദ്യമായാണ് ഒരു ടി20 പരമ്പര സ്വന്തമാക്കുന്നത്. 

42 റൺസെടുത്ത മൊനാങ്ക് പട്ടേലാണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ആരോൺ ജോസ് 35 റൺസും സ്റ്റീവൻ ടെയ്‌ലർ 31 റൺസുമെടുത്തു. കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന കോറി ആൻഡേഴ്‌സൺ 11 റൺസിന് വീണു

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയാണ് യുഎസ്എ വിജയമുറപ്പിച്ചത്. 36 റൺസെടുത്ത നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഷാകിബ് അൽ ഹസൻ 30 റൺസും തൗഹിദ് ഹൃദോയ് 25 റൺസുമെടുത്തു. അമേരിക്കക്ക് വേണ്ടി അലി ഖാൻ 3 വിക്കറ്റുകൾ വീഴ്ത്തി. സൗരഭ് നേത്രവൽക്കർ, ഷാഡ്‌ലി വാൻ എന്നിവർ രണ്ട് വീതവും കോറി ആൻഡേഴ്‌സൺ, ജസ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി
 

Share this story